തൊടുപുഴ: ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ വിശേഷങ്ങള്‍ ഇനിയും അവസാനിക്കുന്നില്ലയെന്നു തന്നെ വേണം പറയാന്‍. ചിത്രത്തില്‍ നായകന് ആനയുടെ തുമ്പിക്കൈയില്‍ ചവിട്ടി ആനപ്പുറത്ത് കേറുന്ന രംഗങ്ങള്‍ കണ്ട് കോരിത്തരിക്കാത്തവര് ചുരുക്കമാണ്. എന്നാല്‍ ആ രംഗത്തെ ഒന്ന് അനുകരിക്കാന്‍ ശ്രമിച്ച പെരിങ്ങാശേരിയില്‍ യുവാവിന് കിട്ടിയത് എട്ടിന്റെ പണി. ആനയുടെ പുറത്ത് കയറവേ പ്രത്യാക്രമണത്തില്‍ ജൂനിയര്‍ ബാഹുബലി കഴുത്തൊടിഞ്ഞ് ആശുപത്രിയിലാണ്. ഞായറാഴ്ച സുഹൃത്തുക്കളോടൊപ്പം അവധി ദിനം ആഘോഷിക്കാനിറങ്ങിയതായിരുന്നു യുവാവ്. വഴിയരികില്‍ ദാ നില്ക്കുന്നു ഒരു കൊമ്പന്. എന്നാല്‍ ആനയെ ഒന്ന് പരിചയപ്പെടാമെന്നായി. ഒരു കിലോ പഴം വാങ്ങികൊടുത്ത്, അതിനു മുന്‍പ് ഫേസ്ബുക്കില്‍ ലൈവ് ഷോ സെറ്റ് ചെയ്തു. സുഹൃത്തിനെ മൊബൈല്‍ ഏല്‍പ്പിച്ചു. ആവേശം അലതല്ലിയതോടെ മനസില്‍ തെളിഞ്ഞത് ബാഹുബലി സിനിമയിലെ രംഗം. നായകന് പ്രഭാസ് ആനയുടെ തുമ്പി കൈയിലും മസ്തകത്തിലും ചവിട്ടി കൈവിട്ട് നില്ക്കുന്ന ആ കിടിലന്‍ രംഗം മനസില്‍ അലയടിച്ചു.
https://www.youtube.com/watch?v=tHgmFV9AYiI
പ്രഭാസിനെയും രാജമൗലിയെയും മനസില്‍ ധ്യാനിച്ച് കൊമ്പന്റെ മുമ്പിലേക്ക്. ആകെയുണ്ടായിരുന്ന ഒരു കിലോ പഴം ആനവായില്‍ അമ്പഴങ്ങയായി. ആനയ്ക്ക് തൃപ്തിയായിട്ടുണ്ടാകുമെന്ന വിശ്വാസത്തോടെ പ്രഭാസിനെ പോലെ തുമ്പിക്കൈയുടെ അടുത്തെത്തി. തുമ്പികൈയില്‍ ഒന്ന് തലോടി. പിന്നെ ഒരു ഉമ്മ..രണ്ടുമ്മ..മൂന്നുമ്മ… ദാ ബാഹുബലി പറക്കുന്നു …പിന്നെ കണ്ടത് ഈ കോലത്തില്‍. ആന അനിഷ്ടം അറിയിച്ചപ്പോള്‍ യുവാവ് പന്ത് പോലെയായി. ദൃശ്യങ്ങള്‍ പകര്‍ത്തിയ സുഹൃത്ത് രംഗങ്ങളൊന്നും വിട്ടുകളയാതെ യൂട്യൂബിലിട്ടു. കഴുത്തിന് പരുക്കേറ്റ ബാഹുബലി കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്.