ഫാദര്‍ ടോം ഉഴുന്നാലില്‍ കേരളത്തിലെത്തി; ഹൃദയപൂർവം സ്വീകരിക്കാൻ ജന്മനാടായ രാമപുരം

  • Post category:news
  • Reading time:1 min read
You are currently viewing ഫാദര്‍ ടോം ഉഴുന്നാലില്‍ കേരളത്തിലെത്തി; ഹൃദയപൂർവം സ്വീകരിക്കാൻ ജന്മനാടായ രാമപുരം

കോട്ടയം: ഫാ. ടോം ഉഴുന്നാലിൽ കേരളത്തിലെത്തി. രാവിലെ 7 മണിയോടെയാണ് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. വന്‍ സ്വീകരണമാണ് വിമാനത്താവളത്തില്‍ അദ്ദേഹത്തിന് നല്‍കിയത്. വെണ്ണലയിലെ ഡോൺ ബോസ്കോ ഹൗസിൽ പ്രഭാതഭക്ഷണം കഴിച്ച ശേഷം പത്തിന് എറണാകുളം മേജർ ആർച്ച് ബിഷപ്സ് ഹൗസിലെത്തുന്ന ഫാ. ഉഴുന്നാലിലിനെ ഏറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാൻ മാർ ജോസ് പുത്തൻവീട്ടിലിന്റെ നേതൃത്വത്തിൽ സ്വീകരിക്കും. ഇവിടെ മാധ്യമപ്രവർത്തകരെയും കാണും. വരാപ്പുഴ ആർച്ച് ബിഷപ്സ്ഹൗസിൽ ഉച്ചഭക്ഷണം. കൊച്ചിയിൽ നിന്ന് വൈകീട്ട് നാലിന് പാലാ ബിഷപ്സ് ഹൗസിൽ എത്തുന്ന ഫാ. ടോമിനെ ബിഷപ്പുമാരായ മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ, മാർ ജേക്കബ് മുരിക്കൻ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിക്കും.

രാത്രി എട്ടരയോടെയാകും രാമപുരത്തെ ജന്മഗൃഹത്തിലെത്തുക. കുടുംബത്തിലെ എല്ലാ അംഗങ്ങളും റോസാപ്പൂ നൽകിയാകും സ്വീകരിക്കുക. അമ്പതിലേറെ കുടുംബാംഗങ്ങളാകും ഇവിടെ ഒത്തുചേരുക. കുടുംബാംഗങ്ങൾ അച്ചനോടൊപ്പം ജപമാല ചൊല്ലി നന്ദിയർപ്പിക്കും. അടുത്തദിവസം അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരെയും സന്ദർശിക്കും.

0Shares