പ്രിയ സഹോദരികളെ ഒറ്റക്കെട്ടായി ശബരിമലയ്ക്ക് പോകുവിന്‍; ദൈവത്തിൻ്റെ പൂത്തോട്ടമെന്ന പുസ്തകത്തില്‍ ഗുരു നിത്യചൈതന്യയതി എഴുതി; മതമൈത്രിയുടെ ശബരിമലയില്‍ ദുരാചാരങ്ങള്‍ നീങ്ങുമോ?

  • Post category:news
  • Reading time:1 min read
You are currently viewing പ്രിയ സഹോദരികളെ ഒറ്റക്കെട്ടായി ശബരിമലയ്ക്ക് പോകുവിന്‍; ദൈവത്തിൻ്റെ  പൂത്തോട്ടമെന്ന പുസ്തകത്തില്‍ ഗുരു നിത്യചൈതന്യയതി എഴുതി; മതമൈത്രിയുടെ ശബരിമലയില്‍ ദുരാചാരങ്ങള്‍ നീങ്ങുമോ?


പീതാംബരന്‍ കുറ്റിക്കോല്‍

കാസര്‍കോട്: ‘ജാതിയുടെ സ്പര്‍ശം ഇല്ലാതിരുന്ന ഒരേയൊരു സ്ഥലം ശബരിമല ആയിരുന്നു. ജാതി, മതം ഈമാതിരി ഒരു വ്യത്യാസവുമില്ലാതെ തമിഴരും മലയാളികളും ഒത്തുകൂടി. ‘ദൈവത്തിന്റെ പൂത്തോട്ടം’ എന്ന പുസ്തകത്തില്‍ ഗുരു നിത്യചൈതന്യ യതി ഇങ്ങനെ എഴുതിയത് സന്നിധാനത്തിന്റെ പുണ്യപവിത്രത നിലനിര്‍ത്തിപ്പോരുന്നതിന് വേണ്ടി തന്നെയായിരുന്നു. ആത്മീയതയിലും ശ്രീനാരായണ ദര്‍ശനത്തിലും പാണ്ഡിത്യമുണ്ടായിരുന്ന ആത്മീയാചാര്യനും തത്ത്വചിന്തകനുമായിരുന്നു ഗുരു നിത്യ ചൈതന്യ യതി.‘ധര്‍മശാസ്താവ് എന്ന് പറയുന്നത് ബുദ്ധന്റെ പേരാണെന്നും ഓര്‍ക്കുക. ബുദ്ധനാണല്ലോ ഇവിടെ ജാതി മത വ്യത്യാസം ആദ്യം ഇല്ലാതാക്കിയത്. എന്നാല്‍, ഇപ്പോള്‍ ശബരിമലയെ എല്ലാ സ്പര്‍ദ്ധകളും ദുരാചാരങ്ങളും വളര്‍ത്തി എടുക്കാനുള്ള പുതിയ മൂസയാക്കി മാറ്റിയിരിക്കുന്നു. അവിടെയിപ്പോള്‍ നാം കേള്‍ക്കുന്നത് പത്തു വയസിനും അമ്പതുവയസിനും ഇടയിലുള്ള ഒരു സ്ത്രീ പോലും മലചവിട്ടിക്കയറി സന്നിധാനത്ത് എത്തരുത് എന്നാണ്. സ്വപ്ന സ്ഖലനം ഉണ്ടാകുന്ന പുരുഷന്‍ ശബരിമലയില്‍ ചെല്ലുന്നതിന് പോലീസ് പരിശോധന വേണ്ടായെങ്കില്‍ നമ്മെയൊക്കെ പെറ്റുവളര്‍ത്തിയ സ്ത്രീക്ക് ഏതോ ദോഷമുണ്ടെന്ന് കരുതുന്നവര്‍ക്ക് മനോരോഗമാണ്.’- യതി പുസ്തകത്തിലെഴുതിയ വാചകങ്ങളാണിവ. ശബരിമലയില്‍ നിലനില്‍ക്കുന്ന അസമത്വത്തെ കുറിച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പേ ഗുരു നിത്യചൈതന്യയതി എഴുതിയ വാക്കുകള്‍ ഇപ്പോള്‍ സുപ്രീംകോടതി വിധിയുടെ സാഹചര്യത്തില്‍ ഏറെ പ്രസക്തമാകുന്നു.വൈദികകാലം മുതല്‍ ഇങ്ങോട്ട് സ്ത്രീയോട് കാണിച്ചുപോരുന്ന കടുത്ത അനീതിയും ക്രൂരതയും എന്നെന്നേക്കുമായി നമ്മുടെ നാട്ടില്‍ നിന്നും തുടച്ചു മാറ്റേണ്ട കാലമായി. …ഭഗവത് ദര്‍ശനത്തിന് പോകുന്ന സ്ത്രീകളെ ശബരിമലയില്‍ നിന്ന് കണ്ടുപിടിച്ച് ഉന്മൂലനം ചെയ്യണമെന്ന് പത്രത്തില്‍ എഴുതിക്കണ്ടു. ഇത് കേട്ടിട്ട് ലജ്ജിക്കാത്ത പുരുഷന്മാര്‍ ഈ രാജ്യത്തുണ്ടല്ലോ എന്നതാണ് എന്നെ ലജ്ജിപ്പിക്കുന്നത്. അതുകൊണ്ട് ഞാന്‍ ഇവിടുത്തെ പ്രകൃതി ദൃശ്യത്തെ സ്‌നേഹിക്കുന്ന സകല സ്ത്രീകളോടും അഭ്യര്‍ത്ഥിക്കുന്നു, നിങ്ങള്‍ ഒറ്റകെട്ടായി ശബരിമലയ്ക്ക് പോകുവിന്‍.’ നിത്യ ചൈതന്യയതി ഇങ്ങനെ എഴുതപ്പെട്ടിട്ട് വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞുവെങ്കിലും ഇപ്പോഴാണ് ശബരിമലയില്‍ യുവതികളായ ഭക്തര്‍ക്ക് ദര്‍ശനത്തിന് പോകുന്ന കാര്യത്തില്‍ രാജ്യത്തെ പരമോന്നത കോടതിയില്‍ നിന്നും നിയമ സാധുത കൈവന്നത്. കേരളത്തിലെ സര്‍ക്കാര്‍ സംവിധാനങ്ങളും ഇതിനായി ഒരുക്കങ്ങള്‍ തുടങ്ങിയിരിക്കുകയാണ്.

0Shares