പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവം: മരണകാരണം രക്തകുഴലുകളിൽ അമിതമായി ഓക്സിജൻ കടന്നത്; പോലീസ് അന്വേഷണം ഊർജിതമാക്കി

  • Post category:news
  • Reading time:1 min read
You are currently viewing പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവം: മരണകാരണം രക്തകുഴലുകളിൽ അമിതമായി ഓക്സിജൻ കടന്നത്; പോലീസ് അന്വേഷണം ഊർജിതമാക്കി

പീതാംബരന്‍ കുറ്റിക്കോല്‍

കാസർകോട്: സ്വകാര്യശുപത്രിയിൽ പ്രസവത്തെ തുടർന്ന് ബേഡകം വലിയടുക്കത്തെ അച്യുതൻ- ഗൗരി ദമ്പതികളുടെ മകൾ മജ്ഞുഷ (32) മരിച്ച സംഭവത്തിൽ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോലീസ് സർജൻ ഡോ. എ. ഗോപാലകൃഷ്ണൻ വിദ്യാനഗർ പോലീസിൽ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിന്റെ കണ്ടെത്തലുകളുടെ വിവരങ്ങൾ നൽകി. മഞ്ജുഷയുടെ രക്തകുഴലുകളിൽ അമിതമായി ഓക്സിജൻ കടന്നതാണ് മരണകാരണമായതെന്ന് മൊഴി നൽകിയെന്നാണ് വിവരം. ഇതെങ്ങനെ സംഭവിച്ചുവെന്നത് വ്യക്തമാകാനുണ്ട്. ശാസ്ത്രീയ പരിശോധനകൾക്കെല്ലാം ശേഷമാണ് പോലീസ് സർജന്റെ റിപ്പോര്‍ട്ട്. സിറിഞ്ചിലൂടെയാണ് രക്തകുഴലുകളിൽ അമിതമായി ഓക്സിജൻ കടക്കാൻ കൂടുതൽ സാധ്യതയെന്നും പറയപ്പെടുന്നു. ഇതേതുടർന്ന് മഞ്ജുഷയെ ചികിൽസിച്ച ഡോക്ടറുടെയും, ആശുപത്രി നഴ്സിംഗ് ജീവനക്കാരുടെയും പ്രവർത്തനങ്ങൾ അന്വേഷണ വിധേയമാക്കാൻ പോലീസ് നടപടികൾ ഉടൻ ആരംഭിക്കും.

അന്വേഷണത്തിന്റെ ഭാഗമായി മജ്ഞുഷയുടെ അമ്മയിൽ നിന്നും ബന്ധുക്കളിൽ നിന്നും കഴിഞ്ഞ ദിവസം മൊഴിയെടുത്തിരുന്നു. കഴിഞ്ഞമാസം 26 ന് വ്യാഴാഴ്ചയാണ് മഞ്ജുഷയെ നാലാം മൈലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരമണിയോടെയാണ് മഞ്ജുഷ ആൺകുഞ്ഞിന് ജന്മം നൽകിയത്. സുഖപ്രസവം ആയിരുന്നു. പിന്നീട് മഞ്ജുഷ മരിച്ചതായുള്ള വിവരമാണ് ഡോക്ടറും ആശുപത്രി അധികൃതരും അറിയിച്ചത്. ബന്ധുക്കളുടെ പരാതിയെ തുടർന്ന് വിദ്യാനഗർ പോലീസ് ചികിൽത്സാ രേഖകൾ ആശുപത്രിയിൽ നിന്നും പിടിച്ചെടുത്തിരുന്നു.

പ്രസവ സമയത്ത് അമ്മ ഗൗരിയും മറ്റു ബന്ധുക്കളും ആശുപത്രിയിൽ ഉണ്ടായിരുന്നു. “മാസം തികയാത്ത തന്റെ മകളെ ഡോക്ടർ ശോഭ മയ്യ നിർബന്ധിച്ചു അഡ്മിറ്റ്‌ ചെയ്യിക്കുകയും തിരക്കിട്ടു പ്രസവം നടത്തുകയുമായിരുന്നുവെന്ന്” മഞ്ജുഷയുടെ അമ്മ പോലീസിൽ മൊഴി നൽകിയിരുന്നു. “ദീർഘ അവധിയെടുത്ത് അമേരിക്കയിൽ പോകാനുണ്ടെന്നുo ആശുപത്രിയിൽ പ്രവേശിക്കുന്നതിന് മുൻപ് ഡോക്ടർ പറഞ്ഞിരുന്നു. നിർബന്ധിച്ചാണ് പ്രസവത്തിന് ആശുപത്രിയിൽ വരുത്തിച്ചത്.” മഞ്ജുഷയുടെ അമ്മയുടെ പരാതിയിൽ പറയുന്നു. കാസര്‍കോട് കൂഡ്‌ലു കൂടൽ ക്ഷേത്രത്തിന് സമീപത്തെ ഹരീഷിന്റെ ഭാര്യയാണ് മഞ്ജുഷ.

0Shares