പ്രതികളെ പിടികൂടാന്‍ പോലിസിന് കഴിയുന്നില്ല; വീട്ടുകിണറ്റില്‍ കരിഓയില്‍ കലക്കിയ സംഭവത്തില്‍ കലക്ടര്‍ക്ക് പരാതി നല്‍കി

  • Post category:local news
  • Reading time:1 min read
You are currently viewing പ്രതികളെ പിടികൂടാന്‍ പോലിസിന് കഴിയുന്നില്ല; വീട്ടുകിണറ്റില്‍ കരിഓയില്‍ കലക്കിയ സംഭവത്തില്‍ കലക്ടര്‍ക്ക് പരാതി നല്‍കി

കാസര്‍കോട്: വീട്ടുമുറ്റത്തെ കിണറ്റില്‍ സമൂഹ്യ വിരുദ്ധര്‍ കരിഓയില്‍ ഒഴിച്ച സംഭവത്തില്‍ കന്നഡ യുവ ബളഗ എന്ന സംഘടന കലക്ടര്‍ കെ ജീവന്‍ ബാബുവിന് പരാതി നല്‍കി. ബേക്കല്‍ പൊലിസില്‍ പരാതി നല്‍കിയെങ്കിലും പ്രതികളെ കണ്ടെത്താനാവത്തതിനെ തുടര്‍ന്നാണ് കലക്ടറെ സമീപിച്ചത്. കഴിഞ്ഞ മാസം 20ന് രാത്രിയില്‍ മയിലാട്ടി 220 കെ.വി സബ് സ്റ്റേഷന് സമീപത്തെ എം മഞ്ജുനാഥയുടെ കിണറ്റിലാണ് കരി ഓയിലൊഴിച്ചത്. കിണര്‍ വെള്ളത്തില്‍ കരി ഓയില്‍ തളം കെട്ടിക്കിടക്കുകയാണ്. വീട്ടുകാരുടെ കുടിവെള്ളത്തിനുള്ള ഏക ആശ്രയമാണ് ഈ കിണര്‍. അതേസമയം വീട്ടുടമ മഞ്ജുനാഥ വീണു പരിക്കേറ്റ് ചികിത്സയിലാണ്. രണ്ടാം തവണയാണ് ഈ കിണറ്റില്‍ കരിഓയില്‍ ഒഴിക്കുന്നത്. മാര്‍ച്ച് ഏഴിനായിരുന്നു ആദ്യസംഭവം. രണ്ട് തവണ ബേക്കല്‍ പൊലിസില്‍ വിവരമറിയിച്ചശേഷം കിണര്‍ വറ്റിച്ച് വൃത്തിയാക്കിയാണ് പിന്നീട് ഉപയോഗിച്ചത്. രണ്ടാമത്തെ സംഭവം പിറ്റേന്ന് വീട്ടില്‍ ഒരു ചടങ്ങ് നടക്കാനിരിക്കെയായിരുന്നു. അടുത്ത കാലത്ത് വീടിനുമുന്നില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറില്‍ രാത്രി രണ്ടുതവണ പച്ച പെയിന്റ് പൂശിയതായും മഞ്ജുനാഥയുടെ മകന്‍ ശിവപ്രസാദ് പറഞ്ഞു. ഇതിന്റെ പിന്നിലെ പ്രശ്നമെന്തെന്ന് വ്യക്തമായിട്ടില്ല. ഈ സംഭവത്തിലും ബേക്കല്‍ പൊലിസില്‍ പരാതി നല്‍കിയിരുന്നു. ദൂരെനിന്ന് വെള്ളം കൊണ്ടു വന്നാണ് ഇവര്‍ ഇപ്പോള്‍ പ്രാഥമിക കാര്യങ്ങളടക്കം നിര്‍വഹിക്കുന്നത്. ഇതിനുപിന്നിലുള്ളവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കാസര്‍കോട് കന്നഡ യുവബളഗ കലക്ടര്‍ക്ക് പരാതി നല്‍കി. പരാതിയില്‍ ഉചിതമായ നടപടി സ്വീകരിക്കാമെന്ന് കലക്ടര്‍ ഉറപ്പ് നല്‍കി. കന്നഡ യുവബളഗ പ്രസിഡന്റ് പി.എസ് രക്ഷിത്, വൈസ് പ്രസിഡന്റ്മാരായ പ്രശാന്ത് ഹൊള്ള, സ്വാതി സരളി, സെക്രട്ടറി എസ്.പി രാജേഷ്, ജോയിന്റ് സെക്രട്ടറി സൗമ്യ പ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് കലക്ടര്‍ക്ക് നിവേദനം നല്‍കിയത്.

0Shares