മലപ്പുറം: മലപ്പുറത്തെ വോട്ടെടുപ്പിന് ഇനി രണ്ടാഴ്ച്ച മാത്രം. മുഴുവന്‍ സ്ഥാനാര്‍ഥികള്‍ക്കും ചിഹ്നം അനുവദിച്ചതോടെ ഇനി വാശിയേറിയ പ്രചാരണത്തിന്റെ ദിനങ്ങളാണ്. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി തിങ്കളാഴ്ച അവസാനിച്ചിരുന്നു. ആരും പത്രിക പിന്‍വലിച്ചിട്ടില്ല. ഒമ്പതു പേരാണ് മത്സര രംഗത്തുള്ളത്. ഇതില്‍ മുസ്ലിം ലീഗും സിപിഎമ്മും തമ്മിലാവും പ്രധാന പോരാട്ടം. ഇരുവരുടെയും കണക്കുകൂട്ടലുകള്‍ തെറ്റിക്കാന്‍ ബിജെപിയും രംഗത്തുണ്ട്. യുഡിഎഫിനായി മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും എല്‍ഡിഎഫിനായി സിപിഎമ്മിലെ അഡ്വ എംബി ഫൈസലുമാണ് കോമ്പ് കോര്‍ക്കുന്നത്. അഡ്വ എന്‍. ശ്രീപ്രകാശാണ് ബിജെപിയുടെ സ്ഥാനാര്‍ഥി. മലപ്പുറത്ത് വിജയസാധ്യതയില്‍ മുന്നിട്ടുനില്ക്കുന്ന കുഞ്ഞാലിക്കുട്ടി കോണി ചിഹ്നത്തിലാണ് മല്‍സരിക്കുന്നത്. ഫൈസല്‍ അരിവാള്‍ ചുറ്റിക നക്ഷത്രത്തിലും ശ്രീപ്രകാശ് താമര ചിഹ്നത്തിലും വോട്ട് തേടും.

ആറു സ്വതന്ത്രരും മലപ്പുറത്ത് സാന്നിധ്യമറിയിച്ച് മല്‍സരംഗത്തുണ്ട്. അഡ്വ പി.പി.എ സഗീര്‍ (ടെലിവിഷന്‍), കുഞ്ഞാലിക്കുട്ടി കുളമ്പില്‍ പടിഞ്ഞാറേക്കര (അലമാര), മുഹമ്മദ് മുസ്ലിയാര് (മോതിരം), മുഹമ്മദ് ഫൈസല്‍ (പായ് വഞ്ചിയും മനുഷ്യനും), എ.കെ. ഷാജി (ഓട്ടോറിക്ഷ), കെ.ഷാജിമോന്‍ (കുടം) എന്നിവരാണ് സ്വതന്ത്ര സ്ഥാനാര്‍ഥികള്‍. കുഞ്ഞാലിക്കുട്ടിക്കും ഫൈസലിനും ഓരോ അപരന്മാരുണ്ട്. കുഞ്ഞാലിക്കുട്ടിയുടെ അപരനായി കുഞ്ഞാലിക്കുട്ടി കുളമ്പിലും എത്തുമ്പോള്‍ ഫൈസലിന്റെ അപരനായി മുഹമ്മദ് ഫൈസലും. വോട്ടെടുപ്പിന് ഇനി 15 ദിവസം മാത്രം ശേഷിക്കെ പി.കെ. കുഞ്ഞാലിക്കുട്ടി, എംബി ഫൈസല്‍, എന്‍. ശ്രീപ്രകാശ് എന്നിവര്‍ ആദ്യഘട്ട പ്രചാരണം പൂര്‍ത്തിയാക്കി. പരമാവധി വോട്ടര്‍മാരെ നേരില്‍ക്കണ്ട് പിന്തുണ ഉറപ്പിക്കാനുള്ള തിരക്കിലാണ് സ്ഥാനാര്‍ഥികള്‍.

വോട്ട് പിടിക്കാനായി മൂന്നു പ്രധാന മുന്നണികളും പ്രമുഖ നേതാക്കളെയെല്ലാം രംഗത്തിറക്കിയിട്ടുണ്ട്. ഇനിയുള്ള ദിവസങ്ങളില്‍ സംസ്ഥാനത്തെ പ്രമുഖരായ നേതാക്കളെ മണ്ഡലത്തിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് യുഡിഎഫും എല്‍ഡിഎഫും. ബിജെപി ദേശീയ നേതാക്കളെ കൊണ്ടുവരാന്‍ ആലോചിക്കുന്നുണ്ട്. ആകെ 13,12,693 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. ഇതില്‍ 6,56,273 പുരുഷന്മാരും 6,56,420 സ്ത്രീകളുമുണ്. 1,14,975 പുതിയ വോട്ടര്‍മാരും മണ്ഡലത്തിലുണ്ട്. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നേടിയ 1,94,739 എന്ന ഭൂരിപക്ഷം ഇത്തവണ രണ്ടു ലക്ഷം കടക്കുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. 2014ലെ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനു 4,37,723 വോട്ടും എല്‍.ഡി.എഫിനു 2,42,984 വോട്ടുമാണ് ലഭിച്ചത്. പത്രികാസമര്‍പ്പണത്തിന് തൊട്ടുപിന്നലെ മുസ്ലീം ലീഗ് സ്ഥാനാര്‍ഥി പി.കെ. കുഞ്ഞാലിക്കുട്ടി വിവാദത്തില്‍പ്പെട്ടിരുന്നു. നാമനിര്‍ദേശ പത്രികയിലെ ഒരു കോളം ഒഴിച്ചിട്ടതാണ് അദ്ദേഹത്തിനു തിരിച്ചടിയായത്. ഇത് നിയമലംഘനമാണെന്നും കുഞ്ഞാലിക്കുട്ടിയുടെ പത്രിക റദ്ദാക്കണമെന്നും സ്വതന്ത്ര സ്ഥാനാര്‍ഥിയായ എ.കെ. ഷാജി പരാതി നല്‍കുകയും ചെയ്തിരുന്നു.