പൊതുപ്രവര്‍ത്തകനായ രാഘവന്‍ കരുവാക്കോടിൻ്റെ ചികില്‍സയ്ക്കായി പണം വേണം; ഒരുസംഘം ഗായകരുടെ നേതൃത്വത്തില്‍ കാരുണ്യ സംഗീതയാത്ര തുടങ്ങി

  • Post category:news
  • Reading time:1 min read
You are currently viewing പൊതുപ്രവര്‍ത്തകനായ രാഘവന്‍ കരുവാക്കോടിൻ്റെ ചികില്‍സയ്ക്കായി പണം വേണം; ഒരുസംഘം ഗായകരുടെ നേതൃത്വത്തില്‍ കാരുണ്യ സംഗീതയാത്ര തുടങ്ങി

കാസര്‍കോട്: വൃക്കകള്‍ തകരാറിലായ പള്ളിക്കര പഞ്ചായത്തിലെ പാക്കം വെളുത്തോളിക്ക് സമീപത്തെ രാഘവന്‍ കരുവാക്കോട് (55) ചികിത്സാസഹായത്തിനായ് കാരുണ്യ സംഗീതയാത്ര തുടങ്ങി. പെരിയാട്ടടുക്കം ശ്രുതി സംഗീത വിദ്യാലയത്തിലെ ഗായകരാണ് സംഗീതയാത്ര സംഘടിപ്പിച്ചത്. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ വച്ച് നടന്ന ചടങ്ങില്‍ സംഗീതജ്ഞന്‍ കല്‍മാഡി സദാശിവ ആചാര്യ യാത്ര ഉദ്ഘാടനം ചെയ്തു.യാത്രയുടെ പ്രസിഡന്റ് രത്‌നാകരന്‍ നായര്‍ അധ്യക്ഷനായി. ശ്രുതി വാരിജാക്ഷന്‍, മഹേഷ് മുന്നാട്, രഞ്ചന, ആതിര, ശ്രേയ, വൈശാഖ് തുടങ്ങി പത്തോളം ഗായകര്‍ സംഗീതാര്‍ച്ചന നടത്തുന്നുണ്ട്. ജില്ലയില്‍ പത്തുദിവസം പണം സ്വരൂപിക്കുന്നതിനായി സംഗീതയാത്ര നടത്തും. രാഷ്ട്രീയ- സാമൂഹ്യ- സാംസ്‌കാരിക പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്ന രാഘവന്‍ കരുവാക്കോട് ഇപ്പോള്‍ ഒരു വര്‍ഷമായി വൃക്കകള്‍ തകരാറിലായതിനെ തുടര്‍ന്ന് വീട്ടില്‍ കിടപ്പിലാണ്. ആഴ്ചയില്‍ മൂന്നുതവണ ഡയാലിസിസ് ചെയ്താണ് ജീവന്‍ നിലനിര്‍ത്തുന്നത്. ഇതിനുതന്നെ ഭീമമായ തുക ചെലവാകുന്നുണ്ട്. ഉടന്‍ വൃക്ക മാറ്റിവയ്ക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കും തുടര്‍ ചികിത്സക്കും 20 ലക്ഷം രൂപ വേണ്ടിവരും. രണ്ട് പെണ്‍കുട്ടികളും ഭാര്യയുമടങ്ങുന്ന നിര്‍ധന കുടുംബത്തിന്റെ ഏക ആശ്രയമായ ഇദ്ദേഹത്തിന്റെ ചികിത്സാചെലവ് താങ്ങാവുന്നതിനപ്പുറമാണ്. തുടര്‍ ചികിത്സക്ക് കെ മണികണ്ഠന്‍ ചെയര്‍മാനും പള്ളിക്കര പഞ്ചായത്തംഗം വി കുഞ്ഞമ്പു കണ്‍വീനറും രാഘവന്‍ വെളുത്തോളി ട്രഷററുമായി നാട്ടുകാര്‍ ചികിത്സാസഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. സഹായങ്ങള്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് പള്ളിക്കര ശാഖ, അക്കൗണ്ട് നമ്പര്‍: 7686000100043566. ഐഎഫ്എസ്സി കോഡ്: പി.യു.എന്‍.ബി 0768600 എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍: 9496288490.

0Shares