
പുലിമുരുകന് എന്ന ബ്രഹ്മാണ്ഡ ചിത്രം വേണ്ടെന്ന് വെച്ച നടി അനുശ്രീ ആ നഷ്ടം തുറന്നുപറയുന്നു. മോഹന്‍ലാലിന്റെ നായികാ വേഷം ആരും കൊതിക്കുന്നതാണ്. പുലിമുരുകനില്‍ നായികയായി തന്നെയാണ് ആദ്യം തീരുമാനിച്ചതെന്ന് അനുശ്രീ പറയുന്നു. എന്നാല്‍, അന്ന് തനിക്ക് അഭിനയിക്കാന്‍ സാധിച്ചില്ല.
ഒരു സര്‍ജറി കഴിഞ്ഞിരുന്ന സമയം ആയതുകൊണ്ട് പുലിമുരുകന് ചെയ്യാന്‍ കഴിഞ്ഞില്ല. ഉയരത്തില്‍ നിന്നും എടുത്തു ചാടേണ്ട സീനൊക്കെ ഉണ്ടെന്നു പറഞ്ഞതുകൊണ്ട് ഒഴിവാക്കേണ്ടിവന്നു. പക്ഷെ പറഞ്ഞതിലുമധികം സമയമെടുത്തു പുലിമുരുകന് ഷൂട്ട് ചെയ്യാന്‍. അപ്പോള്‍ സംവിധായകനോട് തന്നെ പറഞ്ഞു, ഇത്രയും സമയം എടുക്കുമായിരുന്നെങ്കില്‍ ഞാന്‍ തന്നെ ചെയ്യാമായിരുന്നു എന്ന്.

സിനിമ കണ്ടിറങ്ങിയിട്ടും മൈനയുടെ പല ഡയലോഗുകളും ഞാന്‍ കണ്ണാടിയില്‍ നോക്കി പറഞ്ഞിട്ടുണ്ടെന്ന് അനുശ്രീ പറയുന്നു. ഇതൊക്കെ ഞാന്‍ പറഞ്ഞാല്‍ എങ്ങനെ ഉണ്ടാകുമെന്നു സ്വയം അഭിനയിച്ചു നോക്കി. ഞാന്‍ പറയേണ്ട ഡയലോഗുകള്‍ ആയിരുന്നല്ലോ എന്നോര്ത്തുവെന്നും അനുശ്രീ പറഞ്ഞു. കമാലിനി മുഖര്‍ജിയാണ് പുലിമുരുകനില്‍ മൈനയെ അവതരിപ്പിച്ചത്.
മോഹന്‍ലാലിനൊപ്പമുള്ള മുഴുനീള കഥാപാത്രമായിരുന്നു അത്. പുലിമുരുകന് ഒരു രണ്ടാം ഭാഗമുണ്ടെങ്കില്‍ ആ സിനിമയിലെങ്കിലും അഭിനയിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് അനുശ്രീ പറയുന്നു.
