
കോട്ടയത്തെ ലോക്‌സഭാ മണ്ഡലത്തില്‍ കേരളാ കോണ്‍ഗ്രസ് എം നേതാവ് തോമസ് ചാഴിക്കാടന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകും. ഇന്നലെ തന്നെ വാര്‍ത്താ കുറിപ്പിലൂടെ കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ. എം മാണിയാണ് ഇക്കാര്യം അറിയിച്ചത്. പാര്‍ട്ടിക്കുള്ളിലെ പി.ജെ ജോസഫ് വിഭാഗത്തിന്‍റെ ശക്തമായ എതിര്‍പ്പും സമ്മര്‍ദവും മറികടന്നാണ് തീരുമാനം. കോട്ടയത്ത് താന്‍ മത്സരിക്കുമെന്നും സീറ്റ് ലഭിക്കുമെന്ന് സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച ചര്‍ച്ചകളില്‍ ശുഭാപ്തി വിശ്വാസമുണ്ടെന്നും പി.ജെ ജോസഫ് ഇന്നലെ വൈകീട്ടും വ്യക്തമാക്കിയിരുന്നു. മാത്രമല്ല, കോണ്‍ഗ്രസും ചില മതമേലധ്യക്ഷന്‍മാരും പി.ജെ ജോസഫിനായി രംഗത്തിറങ്ങി.
എന്നാല്‍, തന്‍റെ വിശ്വസ്തനായ തോമസ് ചാഴിക്കാടന് സീറ്റ് നല്‍കാന്‍ മാണി തീരുമാനിക്കുകയായിരുന്നു.

ഇതിനെ തുടര്‍ന്ന് ജോസഫ് വിഭാഗം നേതാക്കള്‍ തൊടുപുഴയില്‍ യോഗം ചേരുകയുണ്ടായി. സീറ്റ് നിഷേധിക്കപ്പെട്ടത്തില്‍ പ്രതിഷേധിച്ച് ജോസഫ് വിഭാഗം പാര്‍ട്ടിവിട്ടേക്കുമെന്ന് സൂചന. കോട്ടയം ലോക്സഭാ സീറ്റില്‍ മത്സരിക്കണമെന്ന വര്‍ക്കിംഗ് പ്രസിഡന്റുകൂടിയായ പി. ജെ ജോസഫിന്‍റെ ആവശ്യം അംഗീകരിക്കാത്ത മാണി വിഭാഗത്തിന്‍റെ നിലപാടില്‍ ജോസഫ് വിഭാഗത്തിന് കടുത്ത അതൃപ്തിയുമുണ്ട്.
തനിക്ക് സീറ്റ് നിഷേധിക്കപ്പെട്ടതില്‍ കടുത്ത അമര്‍ഷമുണ്ടെന്ന് പി. ജെ ജോസഫ് പറയുകയും ചെയ്തു. മുന്നണിയിലുള്ള മറ്റ് കക്ഷികളുടെ അഭിപ്രായം പോലും അവഗണിച്ചു. യാതൊരു കേട്ടുകേള്‍വിയുമില്ലാത്ത വിധമാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത്. അസാധാരണമായ തീരുമാനമാണിത്. ജില്ലക്ക് പുറത്തുനിന്നൊരാള്‍ മത്സരിക്കാന്‍ പാടില്ലെന്ന് പറയുന്നത് അംഗീകരിക്കാനാകില്ല. ജോസഫ് പറയുന്നു.ഒരിക്കല്‍ റോഷി അഗസ്റ്റില്‍ ഇടുക്കിയില്‍ മത്സരിച്ചത് ജില്ല മാറിയല്ലേയെന്നും ജോസഫ് ചോദിച്ചു. നിലവിലെ തീരുമാനം പാര്‍ട്ടി തിരുത്തുമെന്നാണ് പ്രതീക്ഷ. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ യു.ഡി.എഫ് നേതാക്കളുമായി ആലോചിച്ച് തീരുമാനിക്കുമെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു. കാര്യങ്ങള്‍ മാണിയുടെ തീരുമാനം അനുസരിച്ച് തന്നെ എങ്കില്‍ ഒരിക്കല്‍ കൂടി കേരളാ കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക് നീങ്ങും.
