പിറവിയില്‍ തന്നെ കേരളത്തിലെ വലിയ രണ്ടാമത്തെ ബാങ്ക്; കേരള ബാങ്ക് യാഥാര്‍ഥ്യമാകുമ്പോള്‍ അറിഞ്ഞിരിക്കേണ്ടതെല്ലാം

  • Post category:business / news
  • Reading time:2 mins read
You are currently viewing പിറവിയില്‍ തന്നെ കേരളത്തിലെ വലിയ രണ്ടാമത്തെ ബാങ്ക്; കേരള ബാങ്ക് യാഥാര്‍ഥ്യമാകുമ്പോള്‍ അറിഞ്ഞിരിക്കേണ്ടതെല്ലാം

825 ശാഖ. അറുപത്തയ്യായിരത്തിലധികം കോടിരൂപയുടെ നിക്ഷേപം. എസ്‌.ബി.ടി ലയനശേഷം കേരളത്തിലെ ഏറ്റവും വലിയ ബാങ്കായി മാറിയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് പിന്നില്‍ കേരളത്തിലെ ഏറ്റവും വലിയ രണ്ടാം ബാങ്കാകുകയാണ്‌ ആരംഭത്തിൽത്തന്നെ കേരള ബാങ്ക്‌. മലപ്പുറം ജില്ലാ ബാങ്ക് മുഖം തിരിച്ചു നില്‍ക്കുമ്പോഴാണ് സംസ്ഥാനത്തെ വലിയ രണ്ടാമത്തെ ബാങ്കെന്ന ഖ്യാതിയോടെ കേരളാ ബാങ്കിന്‍റെ പിറവി.

സംസ്ഥാന ബാങ്കേഴ്‌സ്‌ സമിതി കണക്കുപ്രകാരം 1216 ശാഖയും 1.53 ലക്ഷം കോടിരൂപയുടെ നിക്ഷേപവുമാണ് എസ്.ബി.ഐക്ക് കേരളത്തിലുള്ളത്. ഇതിന്‍റെ പകുതിയിലധികവും എൻ.ആർ.ഐ നിക്ഷേപമാണ്. എൻ.ആർ.ഐ നിക്ഷേപം സ്വീകരിക്കാൻ ഇനി കേരള ബാങ്കിന്‌ കഴിയും. പ്രാഥമിക സഹകരണ സംഘങ്ങളിലൂടെ ബാങ്കിങ്‌ സേവനം ഗ്രാമീണ ജനതയിലേക്കും എത്തിക്കുന്നതോടെ കേരള ബാങ്ക് കേരളത്തിലെ ഒന്നാമത്തെ ബാങ്കായി മാറും. സംസ്ഥാന–ജില്ലാ ബാങ്കുകൾക്കു പുറമെ കേരളത്തിൽ 1625 പ്രാഥമിക സംഘങ്ങളും 60 ലൈസൻസ്ഡ് അർബൻ ബാങ്കുമുണ്ട്.

ഇവയാണ് കേരള ബാങ്കിന്‍റെ അംഗങ്ങൾ. പ്രാഥമിക സഹകരണ സംഘങ്ങൾക്കും അർബൻ ബാങ്കുകൾക്കുമായി നാലായിരത്തഞ്ഞൂറിലധികം ശാഖയുണ്ട്. ഒരുലക്ഷംകോടി രൂപയിലധികം നിക്ഷേപവും. ഇതെല്ലാം ചേരുമ്പോഴുണ്ടാകുന്ന ബാങ്കിങ്‌ ശൃംഖല സംസ്ഥാനത്തിന്‍റെ ബാങ്കിങ്‌ ആവശ്യങ്ങൾ നിർവഹിക്കാൻ പര്യാപ്തമാകും.

സഹകരണ ജനാധിപത്യത്തിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഭരണസമിതിക്കായിരിക്കും കേരള ബാങ്കിന്‍റെ നിയന്ത്രണം. പ്രാഥമിക സഹകരണ സംഘങ്ങളിൽനിന്ന്‌ ജനറൽ വിഭാഗത്തിൽ 10 അംഗങ്ങളും മൂന്നു വനിതാ അംഗങ്ങളും പട്ടികജാതി–-വർഗ വിഭാഗത്തിൽനിന്നുള്ള ഒരാളും അർബൻ ബാങ്കുകളുടെ പ്രതിനിധിയായി ഒരാളും രണ്ട് സ്വതന്ത്ര പ്രൊഫഷണൽ ഡയറക്ടർമാരും സഹകരണ സെക്രട്ടറി, രജിസ്ട്രാർ, നബാർഡ് സി.ജി.എം, കേരള ബാങ്ക് സി.ഇ.ഒ എന്നീ നാല്‌ എക്‌സ്‌ ഒഫിഷ്യോ അംഗങ്ങളുംകൂടി ഉൾപ്പെടുന്ന 21 അംഗ സമിതിക്കായിരിക്കും ഭരണച്ചുമതല.

കേരള സഹകരണ നിയമപ്രകാരം രണ്ട്‌ പ്രൊഫഷണൽ അംഗങ്ങളെ ഭരണസമിതിക്ക് നാമനിർദേശം ചെയ്യാം. ഇവർക്ക് വോട്ടവകാശം ഉണ്ടാകില്ല. ആർ.ബി.ഐയുടെ അന്തിമ അനുമതിയിൽ വായ്‌പേതര സംഘങ്ങളുടെ ഒരു പ്രതിനിധിയെ ഭരണസമിതിയിൽ വോട്ടവകാശമില്ലാത്ത പ്രത്യേക ക്ഷണിതാവായി ഉൾപ്പെടുത്തണമെന്ന് നിർദേശിച്ചിട്ടുണ്ട്.

മലപ്പുറം ഒഴികെയുള്ള ജില്ലാബാങ്കുകളിലെയും സംസ്ഥാന സഹകരണ ബാങ്കിലെയും അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഹൈക്കോടതി വിധിയോടെ അസാധുവായി. ജില്ലാ ബാങ്കുകളുടെ ബാങ്കിങ് ലൈസൻസ് റിസർവ് ബാങ്കിന് തിരിച്ചുനൽകണമെന്നാണ് വ്യവസ്ഥ. എന്നാൽ, അതുടനുണ്ടാവില്ല. കോർബാങ്കിങ് ഉൾപ്പെടെയുള്ള സാങ്കേതികസംവിധാനം ഉറപ്പാക്കുന്നതുവരെ ജില്ലാബാങ്ക് ലൈസൻസ് നിലനിർത്തിയേക്കും. പക്ഷേ, ഭരണം കേരള ബാങ്കിന്റേതാകും. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, ധനവകുപ്പ് സെക്രട്ടറി സഞ്ജീവ് കൗശിക്, സംസ്ഥാന സഹകരണ ബാങ്ക് എം.ഡി.യായിരുന്ന റാണി ജോർജ് എന്നിവരുൾപ്പെട്ട താത്കാലിക ഭരണസമിതിയെ നിയോഗിച്ചു.

ഒരുവർഷമാണ് സമിതിയുടെ കാലാവധി. എന്നാൽ, ലയനം പൂർത്തിയാകുന്നതോടെ തിരഞ്ഞെടുപ്പിലൂടെ ജനാധിപത്യ ഭരണസമിതി അധികാരമേൽക്കും. കേരള ബാങ്ക് സി.ഇ.ഒ. ആയി യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ജനറൽ മാനേജരായ പി.എസ് രാജൻ ജനുവരിയിൽ ചുമതലയേൽക്കും. പുതിയ ബാങ്കിങ് നയം ഉടൻ പ്രഖ്യാപിക്കും.

0Shares