പയ്യന്നൂരിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകം: ഏഴുപേര്‍ക്കെതിരെ കേസെടുത്തു.

  • Post category:news
  • Reading time:1 min read
You are currently viewing പയ്യന്നൂരിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകം: ഏഴുപേര്‍ക്കെതിരെ കേസെടുത്തു.

കണ്ണൂര്‍: രാമാന്തളി മണ്ഡലത്തിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ചൂരിക്കാട്ട് ബിജുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഏഴ് സി.പി.ഐ.എം  പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസ് എടുത്തു. ബിജു സഞ്ചരിച്ച ബൈക്ക് ഓടിച്ച രാജേഷിന്റെ മൊഴിയിലാണ് കണ്ടാലറിയാവുന്ന ഏഴ് പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. തളിപ്പറമ്പ് സി.ഐ പി.കെ സുധാകരനാണ് അന്വേഷണ ചുമതല. പയ്യന്നൂര്‍ ധന്‍രാജ് വധക്കേസിലെ 12 ാം പ്രതിയാണ് കൊല്ലപ്പെട്ട ബിജു. ഇന്നലെ വൈകീട്ടാണ് ബിജു ക്രൂരമായി കൊല്ലപ്പെട്ടത്. കക്കംപാറയിലെ ആര്‍.എസ്.എസ് കാര്യവാഹക് ആണ് ബിജു.

പെയിന്റിങ് ജോലി കഴിഞ്ഞ് മടങ്ങി വരുമ്പോള്‍ കാറില്‍ എത്തിയ സംഘം പാലക്കോട് പാലത്തിന് സമീപം വെച്ച് വെട്ടി വീഴ്ത്തുകയായിരുന്നു. കഴുത്തിന് വെട്ടേറ്റ ബിജു സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ബിജുവിന്റെ കൊലപാതകത്തെത്തുടര്‍ന്ന് ഇന്ന് കണ്ണൂരിലും മാഹിയിലും ബിജെപി ഹര്‍ത്താല്‍ തുടരുകയാണ്. ഒരു വര്‍ഷത്തിനിടെ കണ്ണൂരില്‍ നടക്കുന്ന എട്ടാമത്തെ രാഷ്ട്രീയ കൊലപാതകമാണിത്. പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം 11 മണിക്ക് മൃതദേഹം വിട്ടു നല്‍കും.

0Shares