ന്യൂനമര്‍ദ്ദത്തിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

  • Post category:news
  • Reading time:1 min read
You are currently viewing ന്യൂനമര്‍ദ്ദത്തിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

കൊച്ചി: അറബിക്കടലിന്റെ തെക്ക് കിഴക്കന്‍ ഭാഗത്ത് ഒക്ടോബര്‍ ആറാം തീയതി ന്യൂനമര്‍ദ്ദം രൂപപ്പെടുവാന്‍ സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒക്ടോബര്‍ ഏഴ്, എട്ട് തീയതികളില്‍ ഈ ന്യുനമര്‍ദ്ദം ശക്തിപ്പെട്ട് അറബിക്കടലിന്റെ വടക്ക് പടിഞ്ഞാറന്‍ ഭാഗത്തേക്ക് നീങ്ങുവാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് കടല്‍ അതീവ പ്രക്ഷുബ്ദമാകുവാന്‍ സാധ്യതയുള്ളതിനാല്‍ കേരളത്തില്‍ നിന്നുള്ള മത്സ്യതൊഴിലാളികള്‍ ഒക്ടോബര്‍ ആറ് മുതല്‍ അറബിക്കടലില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു. ആവശ്യമായ മുന്‍കരുതല്‍ നടപടി സ്വീകരിക്കാന്‍ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തീരദേശ ഗ്രാമങ്ങളിലും, തുറമുഖങ്ങളിലും, മത്സ്യബന്ധന മേഖലയിലെ ആരാധനാലയങ്ങളിലും, തീരപ്രദേശത്തെ ജനപ്രതിനിധികളെയും, മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മറ്റു സര്‍ക്കാര്‍ സ്ഥപനങ്ങളെയും ഈ മുന്നറിയിപ്പ് അറിയിക്കുവാന്‍ ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് ഫിഷറീസ് വകുപ്പിനോട് നിര്‍ദ്ദേശിച്ചു.ദീര്‍ഘനാളത്തെക്ക് അറബിക്കടലില്‍ മത്സ്യബന്ധനത്തിന് പോയവരെ ഈ വിവരം അറിയിക്കുന്നതിന് നടപടി സ്വീകരിക്കണം. ഇവരെ ഒക്ടോബര്‍ അഞ്ചിന് മുന്‍പ് തീരത്ത് എത്തിക്കാനുള്ള നടപടി സ്വീകരിക്കണം. ഇന്നുമുതല്‍ കടലില്‍ പോകുന്നവര്‍ ഈ മുന്നറിയിപ്പ് പരിഗണിച്ച് ഒക്ടോബര്‍ അഞ്ചിന് മുന്‍പ് തീരത്തെത്താന്‍ നിര്‍ദ്ദേശിക്കണം. കടല്‍ ആംബുലന്‍സുകളും അടിയന്തര രക്ഷാപ്രവര്‍ത്തന ബോട്ടുകളും സജ്ജമാക്കാനും ഫിഷറീസ് വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ ഒക്ടോബര്‍ ആറ് മുതല്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് തീരദേശങ്ങളില്‍ അറിയിപ്പ് നല്‍കാന്‍ തീരദേശ പൊലീസിനും മറൈന്‍ എന്‍ഫോഴ്സ്മെന്റിനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശം നല്‍കി.

0Shares