
കാസര്‍കോട്: നെല്ല് വയല്‍ തരിശായി ഇടുന്നത് സാമൂഹ്യ വിപത്താണെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ.വി. എസ് സുനില്‍ കുമാര്‍ പറഞ്ഞു. മടിക്കൈ ഗ്രമപഞ്ചായത്ത് അങ്കണത്തില്‍ ഒരുക്കിയ ചടങ്ങില്‍ മടിക്കൈ റൈസ് മില്ലിന്‍റെയും സസ്യരോഗ്യ ക്ലിനിക്കിന്‍റെയും ജീവനി പദ്ധതിയുടെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പണം കൊടുത്താല്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും അരി ഇറക്കുമതി ചെയ്യാന്‍ കഴിയും. പക്ഷേ വരള്‍ച്ചയ്ക്ക് പ്രതിവിധി കണ്ടെത്തണമെങ്കില്‍ നെല്ല് കൃഷിയെ തന്നെ ആശ്രയിക്കണം. ഒരു സെന്റ് സ്ഥലത്ത് നെല്‍കൃഷി ചെയ്യുമ്പോള്‍ 1,47000 ലിറ്റര്‍ വെള്ളം ഭൂമിയുടെ അടിത്തട്ടില്‍ സംഭരിക്കാന്‍ കഴിയും. നെല്ല്കൃഷി കുറഞ്ഞതാണ് വരള്‍ച്ചയ്ക്കുള്ള പ്രധാന കാരണം.ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 1,96000 ഹെക്ടര്‍ സ്ഥലത്ത്മാത്രമാണ് നെല്ല് കൃഷി ഉണ്ടായിരുന്നത്. ഇപ്പോള്‍ അത് 2,20000 ഹെക്ടര്‍ സ്ഥലത്തേക്ക് വ്യാപിപ്പിക്കാന്‍ സാധിച്ചു.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പുറത്തിറക്കിയ 48 ാത് ബ്രാന്‍ഡ് അരിയാണ് മടിക്കൈ റൈസ്. മടിക്കൈ ഗ്രാമപഞ്ചായത്തിന്‍റെയും കേരള കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്‍റെയും ആഭിമുഖ്യത്തിലുള്ള നെല്ല്കൃഷി വികസന പദ്ധതിയുടെ ഭഗാമായി കുടുംബശ്രീ സഹകരണയുള്ള മടിക്കൈ റൈസ് മില്ല് ഉത്പാദിപ്പിച്ചതാണ് മടിക്കൈ റൈസ്. തദ്ദേശീയമായി നെല്ല് സംഭരിച്ചാണ് മടിക്കൈ റൈസ് മില്ല് അരി ഉത്പാദിപ്പിക്കുന്നത്.
അഞ്ച്,10,25 കിലോ പാക്കറ്റുകളിലാണ് അരി പുറത്തിറക്കിയിരിക്കുന്നത്. മടിക്കൈ ഗ്രാമപഞ്ചായത്തിനോടനുബന്ധിച്ചാണ് റൈസ് മില്ല് പ്രവര്‍ത്തിക്കുന്നത്. മടിക്കൈയിലെ പൗര പ്രമുഖന്‍ കാഞ്ഞിരത്തിങ്കല്‍ കുഞ്ഞിരാമന് 5 കിലോ പാക്കറ്റ് മടിക്കൈ റൈസ് നല്‍കി കൃഷി വകുപ്പ് മന്ത്രി മടിക്കൈ ബ്രാന്‍ഡ് അരി പുറത്തിറക്കി. ചടങ്ങില്‍ മടിക്കൈ റൈസിന്‍റെ ലോഗോ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം. പി പ്രകാശനം ചെയ്തു.
