നിപ പേടിയില്‍ ആശുപത്രിയിലെത്തിക്കാന്‍ കണ്ടുനിന്നവര്‍ തയ്യാറായില്ല: കുഴഞ്ഞുവീണയാള്‍ ബസ്സ്റ്റോപ്പില്‍ കിടന്നത് മൂന്നുമണിക്കൂര്‍

  • Post category:news
  • Reading time:1 min read
You are currently viewing നിപ പേടിയില്‍ ആശുപത്രിയിലെത്തിക്കാന്‍ കണ്ടുനിന്നവര്‍ തയ്യാറായില്ല: കുഴഞ്ഞുവീണയാള്‍ ബസ്സ്റ്റോപ്പില്‍ കിടന്നത് മൂന്നുമണിക്കൂര്‍

പേരാമ്പ്ര: നിപ പേടിയില്‍ ആശുപത്രിയിലെത്തിക്കാന്‍ കണ്ടുനിന്നവര്‍ ആരും തയ്യാറായില്ല. കുഴഞ്ഞുവീണയാള്‍ മൂന്നുമണിക്കൂര്‍ ആണ് ബസ്സ്‌റ്റോപ്പില്‍ കിടന്നത്. പേരാമ്പ്രയിലെ ചെമ്പനോട് ടൗണിലെ ബസ്സ്‌റ്റോപ്പിലാണ് സംഭവം. പിന്നീട് കുഴഞ്ഞുവീണു പരിക്കേറ്റ അറുപതുകാരനെ കച്ചവടക്കാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്നാണ് പേരാമ്പ്ര താലൂക്ക് ആശുപത്രി ജീവനക്കാരെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പേരാമ്പ്രയില്‍ ആക്രിസാധനങ്ങള്‍ ശേഖരിക്കുന്ന തമിഴ്നാട് സ്വദേശി ശേഖറാണ് ബുധനാഴ്ച ഉച്ചയോടെ കുഴഞ്ഞു വീണത്. വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് ശേഖറിന്റെ വായില്‍നിന്നും മൂക്കില്‍നിന്നും രക്തം വരുന്നുണ്ടായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ നെറ്റി മുറിഞ്ഞു. രക്തത്തില്‍ പഞ്ചസാരയുടെ അളവു കുറഞ്ഞതാണ് കുഴഞ്ഞുവീഴാനിടയാക്കിയത്. മണിക്കൂറുകള്‍ക്ക് ശേഷം വിവരമറിഞ്ഞെത്തിയ പന്നിക്കോട്ടൂര്‍ പി.എച്ച്.സി.അധികൃതരും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.പി. മോഹനനും ജെ.എച്ച്.ഐ. ജോബിയും പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും പോലീസിലും വിവരമറിയിക്കുകയായിരുന്നു. താലൂക്ക് ആശുപത്രിയില്‍നിന്ന് അബൂബക്കര്‍, രഘുനാഥ്, ജികേഷ് എന്നീ ജീവനക്കാര്‍ ആംബുലന്‍സുമായി ചെമ്പനോടയിലെത്തുമ്പോള്‍ ആരും സഹായത്തിനില്ലാതെ കിടക്കുകയായിരുന്നു ശേഖര്‍. ആശുപത്രിയില്‍ ആംബുലന്‍സ് ഇല്ലാതിരുന്നതിനാല്‍ മറ്റൊരു ആംബുലന്‍സ് സംഘടിപ്പിച്ചായിരുന്നു ഇവരെത്തിയത്. ഗ്ലൗസും മാസ്‌കുമില്ലാതെ വാഹനത്തില്‍ കയറ്റാനുള്ള ഭയമാണ് ആളുകളെ ഇയാളെ സഹായിക്കുന്നതില്‍ നിന്ന് അകറ്റിയത് എന്ന് സ്ഥലത്തുളളവര്‍ പറയുന്നു. എന്നാല്‍ സമയം വൈകിയിരുന്നെങ്കില്‍ സ്ഥിതി അപകടത്തിലാകുമായിരുന്നു എന്ന് ശേഖറിനെ ചികിത്സിച്ച ഡോക്ടര്‍ ഡോ. എ.പി. ശ്രീജ പറഞ്ഞു.

0Shares