കൊച്ചി: ‘വിവാഹം എന്നത് ഒരു പെണ്‍കുട്ടിയുടെ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന ഒരു മഹത്തായ കാര്യമാണ്.സന്തോഷകരമായ ദാമ്പത്യ ജീവിതമല്ല അവള്‍ക്ക് ലഭിച്ചതെങ്കില്‍ അവളുടെ ജീവിതം നിരര്‍ത്ഥകമാകും’. അങ്ങനെയാണെങ്കില്‍ ഏറ്റവും ഉചിതമായ തീരുമാനം വിവാഹ മോചനം തന്നെയാണെന്ന അഭിപ്രായക്കാരിയാണ് പ്രശസ്ത നടി അമല പോള്‍. ഏറ്റവും കയ്‌പ്പേറിയ അനുഭവമായിരുന്നു വിവാഹശേഷം തനിക്കുണ്ടായതെന്നും, വിവാഹ മോചനമെന്ന നിലപാടില്‍ താനിപ്പോള്‍ അതീവ സന്തുഷ്ടയാണെന്നും അമല തുറന്നു പറയുന്നു. നിറയെ അപവാദങ്ങളും കിംവദന്തികളും വേദനകളും നിറഞ്ഞ കാലഘട്ടമായിരുന്നു അമല പിന്നിട്ടത്. എന്നാല്‍ പഴയതിലും കരുത്തും ആത്മവിശ്വാസവുമാണിപ്പോള്‍ തനിക്കുള്ളത്.

വിവാഹ മോചനം വളരെ വേദനയുളവാക്കിയതായിരുന്നുവെങ്കിലും,തന്റെ കുടുംബം നല്‍കിയ പിന്തുണയും സാന്ത്വനവും ഏറെ ആശ്വാസകരമായിരുന്നു. വിവാഹത്തിന് ശേഷം അഭിനയിച്ച ‘വേലയില്ലാ പട്ടധാരി’ മികച്ച വിജയമാണ് നേടിയത്. കൂടാതെ ഏഴ് പടങ്ങളില്‍ കരാറൊപ്പിട്ടിരിക്കുകയാണെന്നും,ഏഴും ഈ വര്‍ഷം തന്നെ റിലീസാകുമെന്നും നടി പറഞ്ഞു. കഥയെ കുറിച്ചും, കഥാപാത്രത്തെ കുറിച്ചും മാത്രമാണ് തന്നെ സമീപിക്കുന്ന സംവിധായകരോട് സംസാരിക്കാറുള്ളത്. ആരാണ് കഥാനായകനെന്ന് പോലും ചോദിക്കാറില്ലെന്നും വിവാഹം ഒഴികെ ജീവിതത്തില്‍ എടുത്ത തീരുമാനങ്ങളെല്ലാം സന്തോഷിപ്പിച്ചിട്ടേ ഉള്ളുവെന്നും താരം പറഞ്ഞു. അഭിനയിക്കുന്ന സിനിമകള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കാണുമ്പോള്‍ അവ തന്നെ സന്തോഷിപ്പിക്കുന്നതായിരിക്കണം. അങ്ങനെയുള്ള കഥകള്‍ തിരഞ്ഞെടുത്ത് അഭിനയിക്കാന്‍ കൂടുതല്‍ ശ്രദ്ധിക്കാറുണ്ട്
‘ഞാന്‍ മോഡേണ്‍ രീതിയില്‍ വസ്ത്രം ധരിയ്ക്കുന്നതിനെ പലരും വിമര്‍ശിക്കാറുണ്ട്. അങ്ങനെയുള്ള വ്യക്തികളോട് പ്രതികരിക്കാന്‍ ഒട്ടും ആഗ്രഹിക്കുന്നില്ല’ – അമല പോള്‍ കൂട്ടി ചേര്‍ത്തു.