
മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറായി നിയമിച്ചതിനെ പരിഹസിച്ച് ഡി.ജി.പി ജേക്കബ് തോമസ്. ഇരുമ്പുണ്ടാക്കാന്‍ താന്‍ പഠിച്ചിട്ടില്ലെന്ന് ജേക്കബ് തോമസ് പറഞ്ഞു. ഡി.ജി.പി റാങ്കിലുള്ളയാള്‍ ഇടപെടേണ്ട ക്രമസമാധാന പ്രശ്നം ഇരുമ്പുണ്ടാക്കുന്നിടത്ത് ഉണ്ടോയെന്ന് അറിയില്ലെന്നും അദ്ദേഹം പരിഹസിച്ചു.

വ്യവസായ വകുപ്പില്‍ തന്നെ നിയമിച്ചത് പകപോക്കലാണ്. താന്‍ വിജിലന്‍സില്‍ ജോലിചെയ്യുമ്പോള്‍ കേസില്‍ കുടുങ്ങി പുറത്തുപോയ ആളാണ് വ്യവസായമന്ത്രി. ചില തസ്തികകളില്‍ നിയമിക്കുമ്പോള്‍ അത് നല്കുന്ന സന്ദേശം ജനം തിരിച്ചറിയുമെന്നും ജേക്കബ് തോമസ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ രണ്ടു വർഷമായി സസ്പെൻഷനിൽ കഴിഞ്ഞ ജേക്കബ് തോമസിനെ വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഷൊർണൂരിലെ മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറായാണ് നിയമിച്ചത്. സസ്പെൻഷനിലുള്ള ജേക്കബ് തോമസിനെ തിരിച്ചെടുക്കണമെന്ന സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിയമനം നൽകിയത്.
