കാസര്‍കോട്: മൊബൈല്‍ ഫോണ്‍ സേവനത്തിനായി സ്ഥാപിക്കുന്ന ടവറുകള്‍ മനുഷ്യനുള്‍പ്പെടെയുള്ള ജീവജാലങ്ങള്‍ക്ക് ഒരു തരത്തിലും ഹാനികരമല്ലെന്ന് ടെലികോം വകുപ്പ് ഡയറക്ടര്‍ ടി. ശ്രീനിവാസന്‍ അറിയിച്ചു. മൊബൈല്‍ ടവറുകള്‍ക്കെതിരെയുള്ള പരാതികള്‍ പരിഹരിക്കുന്നതിന് ജില്ലാ കലക്ടര്‍ ഡോ.ഡി. സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ടെലികോം കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മൊബൈല്‍ ടവറില്‍ നിന്നുള്ള വികിരണം രണ്ട് മുതല്‍ 20 മില്ലിവാട്ട് വരെയാണ്. എന്നാല്‍ മൊബൈല്‍ ഫോണില്‍ നിന്നുള്ള വികിരണം (റേഡിയേഷന്‍) 20 മുതല്‍ 70 വരെയാണ്. ഗുണമേന്‍മയില്ലാത്ത ഫോണുകളുടേത് ഇതിന്റെ എത്രയോ ഇരട്ടിയാകും.
ടവറില്‍ നിന്നുള്ള ദൂരം കൂടുന്നതിനനുസരിച്ച് മൊബൈലില്‍ നിന്നുള്ള റേഡിയേഷന്‍ കൂടുമെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദേശ പ്രകാരമല്ലാതെ നിയമലംഘനം നടത്തി നിര്‍മിക്കുന്ന ടവറുകള്‍ക്ക് അനുമതി നല്‍കില്ലെന്നും മാനദണ്ഡങ്ങള്‍ പാലിച്ചുള്ള ടവര്‍ നിര്‍മാണം തടയാന്‍ കഴിയില്ലെന്നും ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു പറഞ്ഞു. കാസര്‍കോട് ജില്ലയിലെ 18 പരാതികളാണ് സമിതി പരിശോധിച്ചത്. മടിക്കൈ പഞ്ചായത്തിലെ അമ്പലത്തുകരയില്‍ ടി.ഇ.ആര്‍.എം സെല്‍ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടി സ്വീകരിക്കും. പള്ളിക്കരയിലെ ടവര്‍ നിര്‍മാണം സംബന്ധിച്ച പരാതിയില്‍ പാരിസ്ഥിതിക ആഘാത പഠനം നടത്തി അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ ജിയോളജി ഓഫീസര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. നിയമ ലംഘനമില്ലാത്ത സ്ഥലങ്ങളിലെ ടവര്‍ നിര്‍മാണത്തിന് ആവശ്യമെങ്കില്‍ പോലീസ് സംരക്ഷണം നല്‍കും. വിവിധ കമ്പനി പ്രതിനിധികളും പരാതിക്കാരും ഹിയറിങ്ങില്‍ പങ്കെടുത്തു.