
തിരുവനന്തപുരം: സമരം ചെയ്യുന്ന നഴ്സുമാരുമായി ചര്‍ച്ചയ്ക്ക് തയാറാണെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. തൊഴില്‍ വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി ചര്‍ച്ച നടത്താനാണ് ആലോചിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സമരത്തിന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്നത് രോഗികളാണെന്ന് മാനേജ്മെന്റും സമരക്കാരും ഓര്‍മിക്കണമെന്നും കെ.കെ.ശൈലജ വ്യക്തമാക്കി. സമരക്കാരുമായി തൊഴില്‍മന്ത്രി നേരത്തെ ചര്‍ച്ച നടത്തിയിരുന്നു.

ചേർത്തല കെ.വി.എം ആശുപത്രിയിലെ സമരം അടിയന്തിരമായി ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ സംസ്ഥാന വ്യാപക പണിമുടക്കിലേക്ക് നീങ്ങിയതിനെ തുടര്‍ന്നാണ് ഇപ്പോള്‍ മന്ത്രിയുടെ ഭാഗത്ത് നിന്നും അനുകൂല പ്രതികരണം ഉണ്ടായിട്ടുള്ളത്. 2013ലെ മിനിമം വേതനം പോലും നൽകാൻ തയ്യാർ ആകാത്ത കെ.വി.എം മാനേജ്മന്റ് നഴ്സുമാർക്കെതിരെ പ്രതികാര നടപടികൾ ആരംഭിച്ചിരുന്നു. 12 മുതൽ 16 മണിക്കൂർ വരെ ആയിരുന്നു ജോലി സമയം. സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ ഇടപെടണമെന്നായിരുന്നു നഴ്സുമാരുടെ സംഘടനയുടെ ആവശ്യം.
