ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിംഗാണ് രേഖപ്പെടുത്തുന്നത്. നാല് മണിക്കൂര്‍ പിന്നിടുമ്പോള്‍ 30 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കനത്ത മഴയെയും അവഗണിച്ചാണ് ജനങ്ങള്‍ രാവിലെ തന്നെ വന്ന് വോട്ട് രേഖപ്പെടുത്തുന്നത്. വൈകിട്ട് ആറുമണിവരെയാണ് വോട്ടെടുപ്പ്. അതേസമയം, രാവിലെ തുടങ്ങിയ മഴകാരണം പോളിങിനെ ഇനി ബാധിക്കുമോ എന്ന പേടിയിലാണ് സ്ഥാനാര്‍ഥികള്‍. വൈകിട്ടോടെ മഴയും കാറ്റും ശക്തമാകാനുള്ള സാധ്യതയാണുള്ളത്. അത് മുന്നില്‍ക്കണ്ടുകൊണ്ട് കൂടിയാകണം വോട്ടര്‍മാര്‍ രാവിലെതന്നെ വന്ന് സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. സ്ഥാനാര്‍ത്ഥികളും മണ്ഡലത്തിലെ പ്രമുഖരും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. മുളക്കുഴിയിലെ എസ്.എന്‍.ഡി.പി സ്കൂളിലെ 77-ാം നമ്പര്‍ ബൂത്തിലാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാനും കുടുംബവും വോട്ട് രേഖപ്പെടുത്തിയത്. പുലിയൂര് എച്ച്.എസ്.എസിലെ പോളിംഗ് ബൂത്തിലാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡി വിജയകുമാറും സംഘവും വോട്ട് രേഖപ്പെടുത്തിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കുടുംബവും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.
മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് സജി ചെറിയാനും മണ്ഡലം താന്‍ തിരിച്ച് പിടിക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി വിജയകുമാറും പ്രതികരിച്ചു. ഇത്തവണ വിജയം നേടുകതന്നെ ചെയ്യുമെന്ന് ബിജെപി സ്ഥാനാര്‍ത്ഥി പിഎസ് ശ്രീധരന് പിള്ളയും പ്രതികരിച്ചു. രാവിലെ ചില ബൂത്തുകളില്‍ വോട്ടിംഗ് തുടങ്ങാന്‍ താമസം നേരിട്ടു. വൈദ്യുതി തകരാറിനെ തുടര്‍ന്ന് അഞ്ച് ബൂത്തുകളിലാണ് വോട്ടെടുപ്പ് വൈകിയത്. കൂടാതെ വിവിപാറ്റ് തകരാറിലായതിനാല്‍ വെണ്മണി പഞ്ചായത്തിലെ ബൂത്ത് നമ്പര്‍ 150 ല്‍ തകരാറായ വിവിപാറ്റ് മെഷീന് മാറ്റിവച്ചു. ചെങ്ങന്നൂരില്‍ വിധിയെഴുതാന്‍ 1,99,340 സമ്മതിദായകരാണ് ഇത്തവണയുള്ളത്. പുരുഷ വോട്ടര്‍മാരെ അപേക്ഷിച്ച് 13,502 വനിതാ വോട്ടര്‍മാരാണ് കൂടുതലുള്ളത്. കഴിഞ്ഞ തവണത്തേക്കാള്‍ 10,708 വോട്ടര്‍മാരുടെ വര്‍ധനയാണ് ഉണ്ടായത്. ഈ തെരഞ്ഞെടുപ്പില്‍ കന്നിവോട്ടര്‍മാരുടെ എണ്ണം 5,039 ആണ്.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നു; കനത്ത മഴയിലും മികച്ച പോളിംഗ്