
കാസര്‍കോട്: ചിക്കന്‍പോക്സിനെതിരെ ചികിത്സയൊരുക്കി ഹോമിയോപ്പതി വകുപ്പ്. കാഞ്ഞങ്ങാട് ജില്ല ഹോമിയോ ആസ്പത്രി, നീലേശ്വരം, കളനാട് ഹോമിയോ ആസ്പത്രികള്‍, ജില്ലയിലെ ഹോമിയോ ഡിസ്പെന്‍സറികള്‍ എന്നിവിടങ്ങളില്‍ ചികിത്സയും പ്രതിരോധ മരുന്നും ലഭ്യമാണെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) അറിയിച്ചു.
ചിക്കന്‍പോക്സിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണം. പനി,ക്ഷീണം, ശരീരവേദന തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. തുടര്‍ന്ന് ദേഹത്ത് ചെറു കുമിളകള്‍ പ്രത്യക്ഷപ്പെടും. ആദ്യ ദിവസങ്ങളിലാണ് രോഗം മറ്റുള്ളവരിലേക്ക് പകരാന്‍ സാധ്യത കൂടുതല്‍.

രോഗികള്‍ ശ്രദ്ധിക്കാന്‍:
ദേഹത്തെ കുമിളകള്‍ പൊട്ടിക്കരുത്.അങ്ങനെ ചെയ്താല്‍ അടയാളം കൂടുതല്‍ കാലം നിലനില്ക്കും. അണുബാധ ഉണ്ടാകാനും കാരണമാകും.
വായുവിലൂടെ പകരുന്നതിനാല്‍ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് വായും മൂക്കും പൊത്തിപ്പിടിക്കുക .
മറ്റുള്ളവരുമായി ഇടപഴകുന്നത് കഴിവതും ഒഴിവാക്കുക. ധാരാളം വെള്ളം കുടിക്കുക. പോഷകസമ്പുഷ്ടമായ ഭക്ഷണം കഴിക്കണം. നന്നായി വിശ്രമിക്കുക.ചിക്കന്‍പോക്സ് വന്ന രോഗിയുമായി ഇടപഴകിയ ഒരാള്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടാകാന്‍ 10 മുതല്‍ 21 ദിവസം വരെ എടുക്കും.
ചിക്കന്‍പോക്സ് കൂടാതെ ഡെങ്കിപ്പനിയുള്‍പ്പെടെയുള്ള മറ്റ് രോഗങ്ങള്‍ക്കും ചികിത്സ ലഭ്യമാണെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.രാമസുബ്രഹ്മണ്യം അറിയിച്ചു.
