ഗുണഭോക്താക്കൾ കുറഞ്ഞ റോഡിന് എം.എൽ.എ ഫണ്ട്; റോഡ് നിർമാണം നിർത്തണമെന്ന് കോടതി

  • Post category:news
  • Reading time:1 min read
You are currently viewing ഗുണഭോക്താക്കൾ കുറഞ്ഞ റോഡിന് എം.എൽ.എ ഫണ്ട്; റോഡ് നിർമാണം നിർത്തണമെന്ന്  കോടതി

ബേഡകം (കാസർകോട്): ആവശ്യത്തിന് ഗുണഭോക്താക്കളില്ലാത്ത റോഡിന് ഉന്നതരുടെ സ്വാധീനത്തിൽ ഫണ്ട്‌ അനുവദിച്ച നടപടിക്കെതിരെ നാട്ടുകാർ. പരാതിയുള്ള ഭാഗത്തെ റോഡ് നിർമാണം പാടില്ലെന്ന് മുന്‍സിഫ്‌ കോടതി ഉത്തരവിട്ടു. മുന്നാട്, പള്ളത്തുങ്കാൽ മുതൽ കാലിക്കടവ് വരെയുള്ള റോഡിനാണ് ചിലരുടെ സമ്മർദ്ദത്തിൽ ഉദുമ എം.എൽ.എ കെ.കുഞ്ഞിരാമൻ 13ലക്ഷം രൂപ അനുവദിച്ചത്.

നിരവധി കുടുംബങ്ങളുള്ള ഇവിടത്തെ മലവേട്ടുവ കോളനിയിലേക്ക് നല്ല റോഡുകൾ ഇല്ലാതിരിക്കുമ്പോൾ അഞ്ചിൽ താഴെ മാത്രം കുടുംബങ്ങൾക്ക് വേണ്ടിയുള്ള ഈ റോഡിന് ലക്ഷങ്ങൾ ചെലവഴിക്കുന്നത് എം.എൽ.എ ഫണ്ട് ദുരുപയോഗം ചെയ്യുന്നതിന് തുല്യമാണെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ വർഷം നാട്ടുകാരുടെ എതിർപ്പ് വകവെയ്ക്കാതെ പ്രളയ ദുരിതാശ്വാസത്തിൽപ്പെടുത്തി ഇതേ ചെമ്മൺ റോഡിന് മാനദണ്ഡങ്ങൾ പാലിക്കാതെ ഫണ്ട് അനുവദിച്ചിരുന്നു.

തുടർന്ന് ഡി.വൈ.എഫ്.ഐ പയ്യങ്ങാനം യുണിറ്റ് കമ്മറ്റി നൽകിയ പരാതിയെ തുടർന്ന് പ്രളയ ഫണ്ട് ഉപയോഗിക്കാൻ പാടില്ലെന്ന് ജില്ലാ കളക്ടർ ഉത്തരവിട്ടിരുന്നു. ഇതേ തുടർന്നാണ് ഈ വർഷം വീണ്ടും ഫണ്ട് അനുവദിച്ചത്. തന്റെ സ്ഥലത്തിന് നടുവിലൂടെയാണ് റോഡുനിർമാണമെന്ന് ചൂണ്ടികാട്ടി സി.എച്ച് നാരായണൻ കോടതിയെ സമീപിച്ചത്. തുടർന്ന് ഹർജി പരിഗണിച്ച കോടതി ഈ ഭാഗത്തെ റോഡ് നിർമാണം നിർത്തിവെയ്ക്കാൻ ഉത്തരവിടുകയായിരുന്നു.

0Shares