കാസര്‍കോട്: ചെമ്പരിക്ക ഖാസി സി.എം അബ്ദുല്ല മൗലവിയുടെ കേസില്‍ കൊലപാതകമെന്ന് സ്ഥിരീകരിക്കുന്ന ശബ്ദസംഭാഷണം പുറത്തിറങ്ങിയ പഞ്ചാത്തലത്തില്‍ കേസില്‍ സമഗ്രമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മേല്‍പറമ്പിലെ ജനകീയ ആക്ഷന്‍ കമ്മിറ്റി കാസര്‍കോട് ജില്ലാ പോലിസിന് പരാതി നല്‍കി. സി.ബി.ഐ അടക്കം നിരവധി ഏജന്‍സികള്‍ അന്വേഷണം നടത്തിയെങ്കിലും ഇതുവരേ മരണത്തിനു പിന്നിലുള്ളകാരണം കണ്ടെത്താനായിട്ടില്ലെന്നു ആക്ഷന്‍ കമ്മിറ്റിയുടെ പരാതിയില്‍ പറയുന്നു. ഏഴുവര്‍ഷം മുമ്പാണ് ചെമ്പരിക്ക കടക്കല്ലിന് സമീപത്ത് ദുരൂഹ സാഹചര്യത്തില്‍ ഖാസിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉമര്‍ ഫറൂഖ് തങ്ങള്‍ എന്ന പി.ഡി.പി നേതാവ് അശ്രഫ് എന്ന യുവാവുമായി നടത്തിയ സംഭാഷണത്തിലാണ് കൊലപാതകം സംബന്ധിച്ച സൂചന പറയുന്നത്. ഈ വെളിപ്പെടുത്തല്‍ നടന്നിട്ടും പോലിസിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയുമുണ്ടായിട്ടില്ല.
ഇതേ തുടര്‍ന്നാണ് ആക്ഷന്‍ കമ്മിറ്റി ജില്ലാ പോലിസ് ചീഫിന് പരാതി നല്‍കിയത്. പരാതി നല്‍കുന്നതിന് മുമ്പായി കാസര്‍കോട് നഗരത്തില്‍ ബഹുജന ധര്‍ണയും നഗരം ചുറ്റി പ്രകടനവും നടത്തി. ധര്‍ണ കീഴൂര്‍ ഖാസി ത്വാഖാ അഹമ്മദ് മുസ്ലിലിയാര്‍ ഫോണിലൂടെ ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സൈഫുദ്ദീന്‍ കെ മാക്കോട് അധ്യക്ഷനായി. സി.പി.എം ജില്ലാ സെക്രട്ടറി കെ.പി സതീഷ്ചന്ദ്രന്‍, ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍, സാജിദ് മൗവ്വല്‍, ഖാദര്‍ അറഫ, ഉബൈദുല്ല കടവത്ത്, അസീസ് കടപ്പുറം തുടങ്ങിയ വിവിധ രാഷ്ട്രീയ നേതാക്കള്‍ ധര്‍ണയില്‍ പങ്കെടുത്തു. കണ്‍വീനര്‍ ബ്ി.കെ മുഹമ്മദ് ഷാ സ്വാഗതവും സലാം നന്ദിയും പറഞ്ഞു.