കോഴിക്കോട് കക്കാടംപൊയിലില്‍ എം.എന്‍ കാരശ്ശേരി ഉള്‍പ്പെടെയുള്ള സാസ്‌ക്കാരിക പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണം; കണ്ടാലറിയാവുന്ന നൂറ് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു

  • Post category:news
  • Reading time:1 min read
You are currently viewing കോഴിക്കോട് കക്കാടംപൊയിലില്‍ എം.എന്‍ കാരശ്ശേരി ഉള്‍പ്പെടെയുള്ള സാസ്‌ക്കാരിക പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണം; കണ്ടാലറിയാവുന്ന നൂറ് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു

കോഴിക്കോട് ജില്ലയിലെ കക്കാടംപൊയിലില്‍ സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണത്തില്‍ തിരുവമ്പാടി പോലീസ് കേസെടുത്തു. കണ്ടാലാറിയാവുന്ന നൂറ് പേര്‍ക്കെതിരെയാണ് കേസ്. സാംസ്‌കാരിക പ്രവര്‍ത്തകരായ എം.എന്‍ കാരശ്ശേരി, സി.ആര്‍ നീലകണ്ഠന്‍, കെ.എം ഷാജഹാന്‍, ഡോ. ആസാദ്, കുസുമം ജോസഫ്, തുടങ്ങിയവര്‍ക്ക് നേരെയാണ് കഴിഞ്ഞ ദിവസം ആക്രമണമുണ്ടായത്.

സംഘം ചേരല്‍, തടയല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് കേസെടുത്തിരിക്കുന്നത്. പി.വി അന്‍വറിന്‍റെ തടയിണ സന്ദര്‍ശിക്കാന്‍ പോയ സാംസ്‌കാരിക സംഘത്തിലെ സ്ത്രീകളടക്കമുള്ളവര്‍ക്കെതിരെയാണ് കഴിഞ്ഞ ദിവസം ആക്രമണം ഉണ്ടായത്. നേരത്തെ വിവരമറിയിച്ചിട്ടും രണ്ടുമണിക്കൂര്‍ കഴിഞ്ഞാണ് പോലീസ് സംഭവ സ്ഥലത്തെത്തിയതെന്നും ആരോപണമുയര്‍ന്നിരുന്നു.

അന്‍വറിന്‍റെ അനധികൃത നിര്‍മാണങ്ങളെക്കുറിച്ച് പരിശോധിക്കാനാണ് കാരശ്ശേരിയും സംഘവും കക്കാടംപൊയിലില്‍ എത്തിയത്. പരിശോധനയ്ക്കിടെയാണ് ആക്രമണമുണ്ടായത്. വധഭീഷണിയടക്കമുയര്‍ത്തിയാണ് സംഘം ആക്രമിച്ചതെന്ന് കുസുമം ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. പി.വി അന്‍വര്‍ എം.എല്‍.എയുടെ കൂലിക്കാരാണ് ആക്രമണത്തിനു പിന്നിലെന്ന് കാരശ്ശേരി ആരോപിച്ചിരുന്നു. ആക്രമണത്തില്‍ പ്രതിഷേധിച്ച് സാംസ്‌കാരിക പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം കോഴിക്കോട് പ്രതിഷേധ പ്രകടനം നടത്തി.

0Shares