
കാസര്‍കോട്: കാസര്‍കോട് നഗരസഭാ പരിധിയില്‍ സ്ഥാപിച്ച തെരുവ് വിളക്കുകള്‍ എന്നു പ്രകാശിക്കുമെന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണികള്‍ക്കായുള്ള നഗരസഭയിലെ ഫയല്‍ കാണാതായ സംഭവത്തിന്റെ നിജസ്ഥിയെന്ത്..? ഈ സാഹചര്യത്തില്‍ ഇതിന്റെ പിന്നാമ്പുറമന്വേഷിക്കുകയാണ് ചാനല്‍ ആര്‍.ബി. നഗരസഭാ പരിധിയില്‍ ആറായിരത്തോളം തെരുവ് വിളക്കുകളാണ് ഇതുവരെ സ്ഥാപിച്ചിട്ടുള്ളത്. ഇതില്‍ എഴുപത് ശതമാനത്തോളം തെരുവുവിളക്കുകള്‍ ഇപ്പോഴും പ്രകാശിക്കുന്നില്ല. തെരുവ് വിളക്കിന്റെ ഉപയോഗത്തിനായി നഗരസഭ പത്തുലക്ഷം രൂപ മാസം തോറും വാടകയിനത്തില്‍ വൈദ്യുത വകുപ്പിന് നല്‍കുന്നുണ്ട്. എന്നാല്‍ രണ്ടുലക്ഷം രൂപയുടെ ഉപയോഗം പോലും നടക്കുന്നതായി കാണുന്നില്ല. എല്ലാ വര്‍ഷവും നഗരസഭ ബജറ്റില്‍ തെരുവ് വിളക്കുകള്‍ക്കായി ലക്ഷക്കണക്കിന് രൂപ വകയിരുത്തുന്നുണ്ട്. കഴിഞ്ഞ ജുലൈയില്‍ നടന്നയോഗത്തില്‍ നഗരസഭാ അംഗീകാരത്തിന് സമര്‍പ്പിച്ച 50 പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കിയതായി ചെയര്‍പേഴ്സണ്‍ ബീഫാത്തിമ ഇബ്രാഹിം അറിയിച്ചിരുന്നു. നഗരസഭയിലെ വിവിധ വാര്‍ഡുകളില്‍ തെരുവ് വിളക്ക് 20 ലക്ഷം, കുടിവെള്ളം ലഭ്യമാക്കുന്നതിന് വാര്‍ഡുകളില്‍ 20 ലക്ഷം, എസ്.എസ്.എ വിഹിതം 20 ലക്ഷം രൂപ തുടങ്ങിയ പദ്ധതികള്‍ക്കാണ് അംഗീകാരം ലഭിച്ചത്. എന്നാല്‍ തെരുവുവിളക്കുകള്‍ പ്രകാശിക്കാനാവശ്യമായ നടപടികളെടുക്കാത്തതിനെ തുടര്‍ന്ന് ജനങ്ങള്‍ പ്രതിഷേധമറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് നഗരസഭയുടെ ഫണ്ടിനു കാത്തുനില്‍ക്കാതെ ചില കൗണ്‍സിലര്‍മാര്‍ സ്വന്തം കയ്യില്‍ നിന്ന് കാശ് ചെലവാക്കി അറ്റകുറ്റപ്പണികള്‍ നടത്തുകയായിരുന്നു. 35 ാം വാര്‍ഡിലെ കൗണ്‍സിലര്‍ക്ക് ഇതിനായി 15,000 ത്തോളം രൂപ ചെലവായി. രണ്ടാഴ്ച മുമ്പ് തെരുവുവിളക്കു പ്രകാശിക്കാത്തതു സംബന്ധിച്ച് നഗരസഭായോഗത്തില്‍ ചില കൗണ്‍സിലര്‍മാര്‍ വിഷയമുന്നയിച്ചിരുന്നു. വിഷയമുന്നയിച്ചത് യോഗത്തില്‍ ഇരുപക്ഷവും തമ്മിലുള്ള ബഹളത്തിനിടയാക്കി.

നാലുമാസം മുമ്പ് അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനായി കരാര്‍ പുതുക്കി നല്‍കിയിരുന്നുവെന്നും കരാറുകാരന് കുടിശിക നല്‍കാത്തതാണ് അറ്റകുറ്റപ്പണികള്‍ നടത്തുന്നത് വൈകാന്‍ കാരണമെന്നും നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമാ ഇബ്രാഹീം കൗണ്‍സിലര്‍മാരെ അറിയിച്ചിരുന്നു. ഈ ഇനത്തില്‍ ഇപ്പോള്‍ പതിനേഴ് ലക്ഷം രൂപയാണ് കരാറുകാരന് കുടിശികയായുള്ളത്. ഇത് എന്തുകൊണ്ട് നല്‍കാത്തത് എന്ന ചോദ്യത്തിന് ഫയല്‍ കാണുന്നില്ലെന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി. എങ്കില്‍ ഇത്രയും സുരക്ഷയുള്ള നഗരസഭയുടെ മുറികളില്‍ നിന്ന് എങ്ങനെ ഫയല്‍ അപ്രത്യക്ഷമായി എന്ന ചോദ്യത്തിന് ഉദ്യോഗസ്ഥര്‍ക്ക് മറുപടി നല്‍കാന്‍ കഴിഞ്ഞില്ല. ഇതേതുടര്‍ന്ന് നഗരസഭ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണം നടക്കുന്നുവെന്നതറിഞ്ഞതോടെ കൗണ്‍സിലര്‍മാരുടെ മുറിയില്‍ നിന്ന് ഫയല്‍ ലഭിക്കുകയായിരുന്നു. എന്നാല്‍ ഇത് ആര് കൊണ്ടുപോയന്നകാര്യത്തില്‍ ഇപ്പോഴും ദുരൂഹതയുണ്ട്. ഫയല്‍ ലഭിച്ചതോടെ കരാറുകാരന് ഏഴുലക്ഷം രൂപ നല്‍കിയെന്നാണ് നഗരസഭയില്‍ നിന്നുമറിയാനായത്. എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും തെരുവുവിളക്ക് നന്നാക്കാനുള്ള നടപടി കരാറുകാരന്‍ തുടങ്ങിയിട്ടുമില്ല. നഗരസഭയില്‍ ഫയല്‍ കാണാതാകുന്ന സംഭവം ഉദ്യോഗസ്ഥരും കൗണ്‍സിലര്‍മാരും തമ്മിലുള്ള അനൈക്യമാണെന്നാണ് നാട്ടുകാരുടെ ആരോപണം.