കേരളത്തില്‍ ചൂട് വർദ്ധിക്കുന്നു; രണ്ടു പേർ കുഴഞ്ഞു വീണു മരിച്ചു; കാസര്‍കോട് കുമ്പളയിൽ മൂന്ന് വയസുകാരിക്ക് പൊള്ളലേറ്റു; ദുരന്തനിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിർദ്ദേശം

  • Post category:news
  • Reading time:2 mins read
You are currently viewing കേരളത്തില്‍ ചൂട് വർദ്ധിക്കുന്നു; രണ്ടു പേർ കുഴഞ്ഞു വീണു മരിച്ചു;  കാസര്‍കോട് കുമ്പളയിൽ മൂന്ന് വയസുകാരിക്ക് പൊള്ളലേറ്റു; ദുരന്തനിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിർദ്ദേശം

സംസ്ഥാനത്ത് സുര്യാഘാതമേറ്റ് രണ്ടുപേർ മരിച്ചതായി നി​ഗമനം. തിരുവനന്തപുരം പാറശാലയിലും കണ്ണൂരുമാണ് സൂര്യാഘാമുണ്ടായതായി കരുതുന്നത്. കണ്ണൂർ ജില്ലയിലെ വെള്ളോറയിലാണ് വൃദ്ധനെ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാടൻ വീട്ടിൽ നാരായണൻ എന്ന അറുപത്തിയേഴുകാരനെയാണ് വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇയാളുടെ ശരീരത്തിലെ ത്വക്ക് ഉരിഞ്ഞു പോയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. രണ്ട് മരണങ്ങളും സൂര്യാഘാതം മൂലമാണ് എന്നാണ് നിഗമനം. കാസര്‍കോട് ജില്ലയിലെ കുമ്പളയിൽ മൂന്ന് വയസുകാരിക്ക് പൊള്ളലേറ്റു. മർവ എന്ന കുട്ടിയുടെ ശരീരത്തിലാണ് പൊള്ളലേറ്റ പാടുകൾ കണ്ടെത്തിയത്. തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെ ആർ.എസ്‌.പി നേതാവിനും പൊള്ളലേറ്റു. പുനലൂർ മണ്ഡലത്തിലെ സെക്രട്ടറി നാസർ ഖാനാണ് സൂര്യാഘാതം ഏറ്റത്.

ഈ മാസം 25, 26 തിയതികളിൽ സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ചൂട് നാല് ഡി​ഗ്രി വരെ ഉയരുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഉയർന്ന താപനില ശരാശരിയിൽ നിന്ന് 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ ഉയർന്ന താപനില ശരാശരിയിൽ നിന്ന് 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ:

പൊതുജനങ്ങള്‍ ദിവസവും രാവിലെ 11 മുതല്‍ വൈകുന്നേരം 3 വരെ എങ്കിലും നേരിട്ട് സൂര്യപ്രകാശം എല്‍ക്കുന്നതിന് ഒഴിവാക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു

ശരീരത്തിലെ നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക

രോഗങ്ങള്‍ ഉള്ളവര്‍ 11 മുതല്‍ 3വരെ എങ്കിലും സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കുക

കുടിക്കാന്‍ പരമാവധി ശുദ്ധജലം കുടിക്കുക; കാപ്പി, ചായ എന്നീ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.
അയഞ്ഞ, ലൈറ്റ് കളര്‍ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക

വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാക്കാലമായതിനാല്‍ സ്കൂള്‍ അധിക‍ൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്.

കുട്ടികളെ അവധിയായതിനാല്‍ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ 11 മുതല്‍ 3വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.

അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത്‌ അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.

സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി സൂര്യപ്രകാശം നേരിട്ട് എല്‍ക്കേണ്ടി വരുന്ന തൊഴില്‍ സമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍ ഉത്തരവിട്ടിട്ടുണ്ട്. തൊഴില്‍ദാതാക്കള്‍ ഈ നിര്‍ദേശം പാലിക്കുക

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ഏര്‍പെട്ടിരിക്കുന്ന സാമൂഹിക പ്രവര്‍ത്തകര്‍ ഈ മുന്നറിയിപ്പ് സന്ദേശം ശ്രദ്ധിക്കുക.
താപ സൂചിക
29 ഡി​ഗ്രിക്കു താഴെ : സുഖകരം
30-40: അസ്വസ്ഥത
40-45: അസുഖകരം
45-54: അപകടം
54 ഡി​ഗ്രിക്കു മുകളിൽ : സൂര്യാഘാതം ഉറപ്പ്.

0Shares