കാസര്‍കോട്: കേരള തുളു അക്കാദമിയുടെ പുതിയ ചെയര്‍മാനായി സാംസ്കാരിക പ്രവര്‍ത്തകനും നാടക സംവിധായകനും നടനുമായ ഉമേഷ് സാലിയനെ നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. സംസ്ഥാന സാംസ്കാരിക വകുപ്പാണ് ഇത് സംബന്ധിച്ചുള്ള ഉത്തരവിറക്കിയത്. മഞ്ചേശ്വരം വോര്‍ക്കാടി സ്വദേശി പി.വി ജയകുമാറാണ് സെക്രട്ടറി. കാസര്‍കോട് കലക്ടറേറ്റിലാണ് തുളു അക്കാദമിയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. തുളു അക്കാദമി സ്ഥാപിതമായ കാലം തൊട്ട് ഉമേഷ് അക്കാദമി അംഗമായിരുന്നു. നേരത്തെ കര്‍ണാടക സംഗീത നാടക അക്കാദമിയുടേയും അംഗമായിരുന്നു. അക്കാദമിയുടെ ത്രൈമാസികയായ തംബെരെയുടെ എഡിറ്ററായിരുന്നു. കലാകാരന്മാരുടെ സംഘടനയായ സവാക്കിന്റെ കാസര്‍കോട് ജില്ലാ പ്രസിഡന്റാണ്. ചെറുപ്പം മുതല്‍തന്നെ നാടകരംഗത്ത് ഉമേഷ് സജീവമായിരുന്നു. 35 വര്‍ഷമായി കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന ഉമേഷ് നിരവധി നാടകങ്ങള്‍ സംവിധാനം ചെയ്യുകയും നിരവധി സിനിമ സീരിയല്‍ നാടകത്തില്‍ അഭിനയിച്ച് കഴിവ് തെളിയിക്കുകയും ചെയ്തിട്ടുണ്ട്.
കയ്യൂര്‍ സമരത്തെ ആസ്പദമാക്കിയുള്ള ചിരസ്മരണയുടെ തുളു നാടകം സംവിധാനം ചെയ്തത് ഉമേഷായിരുന്നു. ഫറൂഖ് അബ്ദുല്‍ റഹ്മാന് സംവിധാനം നിര്‍വഹിച്ച പൊരിവെയില് മലയാള സിനിമയിലും നല്ല വേഷം ചെയ്തിട്ടുണ്ട്. കല്‍ക്കത്തയില്‍ നടന്ന അന്തര്‍ദേശീയ നാടകേല്സവത്തില് കുട്ടികളുടെ കര്‍ണാടക നാടകം സംവിധാനം ചെയ്ത് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 2009 കര്‍ണാടകയിലുണ്ടായ വെള്ളപ്പൊക്ക സമയത്ത് സര്‍ക്കാരിന്റെ ധനസമാഹരണത്തിനായി തെരുവ് നാടകമവതരിപ്പിച്ചിരുന്നു. കാസര്‍കോട് പാറക്കട്ടയിലാണ് താമസം. മല്ലികയാണ് ഭാര്യ. മക്കള്‍: കമലേഷ്, അതൃഷ്ണ, അശ്വനി.
കേരള തുളു അക്കാദമിയുടെ പുതിയ ചെയര്മാന് ഉമേഷ് സാലിയന്‍