കെട്ടും മട്ടും മാറാൻ ഒരുങ്ങുന്നു; കാസർകോട് കളക്ടറേറ്റിന് ഇനി പുതിയ മുഖം

  • Post category:local news
  • Reading time:1 min read
You are currently viewing കെട്ടും മട്ടും മാറാൻ ഒരുങ്ങുന്നു; കാസർകോട് കളക്ടറേറ്റിന് ഇനി പുതിയ മുഖം

കാസർകോട്: ഭരണസിരാ കേന്ദ്രമായ കാസര്‍കോട് കളക്ടറേറ്റിന്റെ മുഖം മിനുങ്ങുന്നു. പ്രാരംഭഘട്ട നടപടികള്‍ക്ക് ശനിയാഴ്ച കളക്ടറേറ്റ് പരിസരത്ത് തുടക്കമാകും.കളക്ടറേറ്റിലെ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ കാടുവെട്ടുകയും മലിനീകരിക്കപ്പെട്ടതുമായ ഇടങ്ങള്‍ ശുചീകരിക്കുകയും ചെയ്യും. അതിന് ശേഷം ഓരോ സ്ഥലത്തിനും അനുയോജ്യമായ പൂച്ചെടികള്‍ നട്ട് പരിപാലിക്കാനുള്ള ചുമതല അതത് വകുപ്പുകള്‍ക്ക് നല്‍കും. കളക്ടറേറ്റ് പരിസരത്തെ ലൈബ്രറിക്ക് സമീപം എയ്റോബിക് കമ്പോസ്റ്റ് സ്ഥാപിച്ച് മാലിന്യ നിര്‍മ്മാര്‍ജ്ജനം എളുപ്പമാക്കും.

രണ്ടാം ഘട്ടമായി കളക്ടറേറ്റിലേക്കുള്ള ഏഴോളം ഗേറ്റുകള്‍ മാറ്റി, അത് മൂന്ന് ആയി ചുരുക്കും. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുടെ ഫണ്ട് ഉപയോഗിച്ച് കളക്ടറേറ്റിലേക്കുള്ള കവാടം പുതുക്കി മോഡി പിടിപ്പിക്കും. കളക്ടറേറ്റ് പരിസരത്തെ ചുറ്റുമതിലുകളില്‍ ചിത്രങ്ങള്‍ വരയ്ക്കും. തിരുവനന്തപുരത്തെ മാനവീയം വീഥിക്ക് സമാനമായി സിവില്‍ സ്റ്റേഷന്‍ പരിസരത്തെ പാതയില്‍ സാംസ്‌ക്കാരിക പരിപാടികള്‍ സംഘടിപ്പിക്കും. കളക്ടറേറ്റിനകത്തെ ഒരു ഭാഗം ഓപ്പണ്‍ ജിമ്മിനായി വിട്ടു നല്‍കും.

ജിമ്മില്‍ എത്തുന്നവര്‍ക്ക് വിശ്രമിക്കാന്‍ പാര്‍ക്ക് ബെഞ്ച് സ്ഥാപിക്കും. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ എഫ്.എം റേഡിയോയും ആരംഭിക്കും. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു പദ്ധതി വിശദീകരിച്ചു. എ.ഡി.എം എന്‍.ദേവീദാസ്, ഹുസൂര്‍ ശിരസ്തദാര്‍ കെ. നാരായണന്‍, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.

0Shares