കാസര്‍കോട്: മാധ്യമ പ്രവര്‍ത്തകനും ദീര്‍ഘകാലം കാസര്‍കോട് പ്രസ്‌ക്ലബ്ബ് പ്രസിഡണ്ടുമായിരുന്ന കെ.എം അഹ്മദിന്റെ പേരില്‍ കാസര്‍കോട് പ്രസ്‌ക്ലബ് നല്‍കിവരുന്ന സംസ്ഥാനതല മാധ്യമ അവാര്‍ഡ് മാതൃഭൂമി ദിനപത്രത്തിലെ മുഖ്യകാര്‍ട്ടൂണിസ്റ്റ് കെ.ആര്‍ ഗോപീകൃഷ്ണന് ലഭിച്ചു. പതിനായിരം രൂപയും ഫലകവും പ്രശംസാപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. ഈ മാസം 17ന് വൈകിട്ട് മൂന്നു മണിക്ക് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പ്രശസ്ത നോവലിസ്റ്റ് സി.വി ബാലകൃഷ്ണന്‍ സമ്മാനിക്കും.
പ്രസ് ക്ലബ്ബും കാസര്‍കോട് സാഹിത്യവേദിയും സംയുക്തമായാണ് അനുസ്മരണ ചടങ്ങ് സംഘടിപ്പിക്കുന്നത്. കെ.എം അഹ് മദിന്റെ പേരിലുള്ള പുരസ്‌കാരം അദ്ദേഹത്തിന്റെ കുടുംബത്തിന്റെ സഹായത്തോടെയാണ് നല്‍കിവരുന്നത്.വരയുടെ മികവും മൂര്‍ച്ചയേറിയ ആശയങ്ങളുംകൊണ്ട് ഗോപീകൃഷ്ണന്റെ കാര്‍ട്ടൂണുകള്‍ ഏറെ ശ്രദ്ധേയമാണെന്നും ഇവ വായനക്കാരെ ഒരുപോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നും ജൂറി അംഗങ്ങളും പ്രമുഖ കാര്‍ട്ടൂണിസ്റ്റുകളുമായ പി.വി കൃഷ്ണന്‍, കെ.എ ഗഫൂര്‍ മാസ്റ്റര്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.
2001 മുതല്‍ മാതൃഭൂമി പത്രത്തിന്റെ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റായി പ്രവര്‍ത്തിച്ചുവരുന്ന ഗോപീകൃഷ്ണന്‍ കേരള സര്‍ക്കാറിന്റെ കാര്‍ട്ടൂണ്‍ മാധ്യമ അവാര്‍ഡ്, തിരുവനന്തപുരം പ്രസ്‌ക്ലബ്ബിന്റെ കാര്‍ട്ടൂണിസ്റ്റ് ഓഫ് ദി ഇയര്‍ അവാര്‍ഡ്, കേരള ലളിതകലാ അക്കാദമി അവാര്‍ഡ്, വജ്രസൂചി അവാര്‍ഡ്, ജെയ്ജി പീറ്റര്‍ അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. കോഴിക്കോട് തിക്കോടി സ്വദേശിയായ ഇദ്ദേഹം ഇപ്പോള്‍ കോഴിക്കോട് വേണ്ടേരിയിലാണ് താമസം. ഡോ. പ്രിയ കെ.ജിയാണ് ഭാര്യ. സ്വാതി ലക്ഷ്മി, ശ്രേയലക്ഷ്മി എന്നിവര്‍ മക്കള്‍. വാര്‍ത്താ സമ്മേളനത്തില്‍ കാസര്‍കോട് പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് ടി എ ഷാഫി, സെക്രട്ടറി ഒ.വി സുരേഷ്, മുജീബ് അഹ് മദ് എന്നിവര്‍ സംബന്ധിച്ചു.
കെ.എം അഹ്മദ് സ്മാരക മാധ്യമ പുരസ്‌കാരം കാര്‍ട്ടൂണിസ്റ്റ് ഗോപീകൃഷ്ണന്