കുടുംബത്തിന്റെ പ്രാര്‍ഥന വിഫലമായി: മൊഗ്രാല്‍ പുഴയില്‍ കാണാതായ മുര്‍ഷിദയുടെ മൃതദേഹവും കണ്ടെടുത്തു

  • Post category:news
  • Reading time:1 min read
You are currently viewing കുടുംബത്തിന്റെ പ്രാര്‍ഥന വിഫലമായി: മൊഗ്രാല്‍ പുഴയില്‍ കാണാതായ മുര്‍ഷിദയുടെ മൃതദേഹവും കണ്ടെടുത്തു

കാസര്‍കോട്: നാട്ടുകാരുടെ പ്രതീക്ഷകളെ അസ്ഥാനത്താക്കി മുര്‍ഷിദയുടെ ചേതനയറ്റ ശരീരം കമ്പാറിലെ പുഴയില്‍ നിന്നും കണ്ടെത്തി. കമ്പാര്‍ ജുമാമസ്ജിദ് പരിസരത്തെ പുഴയോരത്ത് ഞായറാഴ്ച രാവിലെ 7.30 ഓടെയാണ് ആറ് വയസുകാരിയായ മുര്‍ഷിദയുടെ മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച രാവിലെയാണ് മാതാവ് ചൗക്കി കമ്പാര്‍ അബ്ദുല്ലയുടെ ഭാര്യ മറിയുമ്മ(45) മകള്‍ മുര്‍ഷിദയെ കൂട്ടി മൊഗ്രാല്‍ തൊടയാര്‍ മൂലയിലെ പുഴയില്‍ ചാടിയത്. രാവിലെ പത്തരയോടെ മറിയം പുഴയിലൂടെ ഒഴുകുന്നത് കണ്ടു പ്രദേശവാസികളാണ് ഇവരെ കരയിലെടുത്ത ശേഷം ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മറിയം മരിച്ചിരുന്നു. എന്നാല്‍ പുഴയിലെ ഒഴുക്കില്‍പെട്ട മകളെ കണ്ടെത്താനായിരുന്നില്ല.രാത്രി വരെ അഗ്‌നിശമന സേനയും, മറ്റു രക്ഷാ പ്രവര്‍ത്തകരും രാത്രി വരെ തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് ഞായറാഴ്ചയും തിരച്ചില്‍ തുടരുകയായിരുന്നു. ശനിയാഴ്ച രാത്രിയോടെ മറിയുമ്മയുടെ മൃതദേഹം കമ്പാര്‍ ജുമാമസ്ജിദിലെ ഖബര്‍സ്ഥാനില്‍ ഖബറടക്കിയിരുന്നു. മുര്‍ഷിദയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഉച്ചയോടെ കമ്പാര്‍ ജുമാമസ്ജിദിലെ ഖബര്‍സ്ഥാനില്‍ ഖബറടക്കും. അശറഫ്, അബ്ദുല്‍ മനാഫ്, മഹ്‌റൂഖ്, അഷ്ഫാഖ്, മുന്നീസ എന്നിവരാണ് മുര്‍ഷിദയുടെ സഹോദരങ്ങള്‍.

 

0Shares