കിരീടം ആര്‍ക്കൊപ്പം; പ്രതീക്ഷയോടെ നാലു യൂറോപ്പ്യന്‍ കരുത്തന്മാര്‍; സെമി പോരാട്ടങ്ങള്‍ക്ക് നാളെ തുടക്കം

  • Post category:news
  • Reading time:1 min read
You are currently viewing കിരീടം ആര്‍ക്കൊപ്പം; പ്രതീക്ഷയോടെ നാലു യൂറോപ്പ്യന്‍ കരുത്തന്മാര്‍; സെമി പോരാട്ടങ്ങള്‍ക്ക് നാളെ തുടക്കം

മോസ്‌കൊ: ലോകകപ്പിന്റെ ആവേശം യൂറോപ്പിന്റെ ഗോള്‍ വലക്ക് കീഴിലേക്ക് ചുരുങ്ങുകയാണ്. 32 ടീമുകളുമായി ആരംഭിച്ച യാത്രയില്‍ ഇനി ബാക്കിയുള്ളജത് നാലു ടീമുകള്‍ മാത്രം. കിരീട പ്രതീക്ഷകളുമായി എത്തിയ വമ്പന്‍മാര്‍ പകുതിക്ക് വച്ച് പിരിഞ്ഞപ്പോള്‍ സെമിയുടെ ആവേശത്തിലേക്ക് ബൂട്ട് കെട്ടുന്നത് ഫ്രാന്‍സും, ബെല്‍ജിയവും, ക്രൊയേഷ്യും, ഇംഗ്ലണ്ടുമാണ്. രാത്രി 11.30 ന് നടക്കുന്ന ആദ്യ സെമിയില്‍ കരുത്തരായ ഫ്രാന്‍സ് ബെല്‍ജിയത്തെ നേരിടും. ബുധനാഴ്ച നടക്കുന്ന രണ്ടാം സെമിയില്‍ ഇംഗ്ലണ്ടിന്റെ യുവത്വത്തിന്റെ മുന്നിലേക്ക് ക്രൊയേഷ്യയുടെ സുവര്‍ണ നിര എത്തുകയാണ്.
കിരീടമോഹവുമായെത്തിയ വമ്പന്‍മാരില്‍ പ്രതീക്ഷ നിലനിര്‍ത്തിയ ഏക ടീമാണ് ഫ്രാന്‍സ്. ഒരേ താളത്തില്‍ കളിക്കുന്ന മുന്നേറ്റവും, പ്രതിരോധവും, മധ്യ നിരയുമാണ് ഫ്രഞ്ച് പടയുടെ കരുത്ത്. മുന്നേറ്റത്തില്‍ എംബാപെയും ഗ്രീസ്മാനും ജിറൂഡുമടങ്ങിയ പ്രതിഭാധനരായ താരങ്ങള്‍. കരുത്തനായ പോള്‍ പോഗ്ബെ മധ്യനിരയില്‍. മൂന്നു ഗോളടിച്ച് ഫ്രാന്‍സിന്റെ ടോപ് സ്‌കോറര്‍മാരായ ഗ്രീസ്മാന്റെയും പത്തൊമ്പതുകാരനായ എംബാപെയുടേയും നീക്കങ്ങള്‍ സെമി കടത്തുമെന്നാണ് ഫ്രാന്‍സിന്റെ പ്രതീക്ഷ.പ്രീ ക്വാര്‍ട്ടറില്‍ അര്‍ജന്റീനയെ മൂന്നിനെതിരെ നാലു ഗോളുകള്‍ക്കും ക്വാര്‍ട്ടറില്‍ ടൂര്‍ണമെന്റില്‍ ഒരിടത്തും ഗോള്‍ വഴങ്ങാതെയെത്തിയ യൂറുഗ്വായെ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്കും തോല്‍പ്പിച്ചാണ് ഫ്രാന്‍സിന്റെ സെമി പ്രവേശം. അതുകൊണ്ട് തന്നെ യുവത്വത്തിന്റെ കരുത്തില്‍ ഇറങ്ങുന്ന ഫ്രഞ്ച് പടയെ തോല്‍പ്പിക്കുക എന്നത് അത്ര എളുപ്പമല്ല. മറുവശത്ത് ക്വാര്‍ട്ടറില്‍ ബ്രസീലിനെ നാട്ടിലേക്ക് കയറ്റിവിട്ടതിന്റെ ആത്മവിശ്വാസത്തിലാണ് ബെല്‍ജിയം കളത്തില്‍ ഇറങ്ങുന്നത്. ലോകത്തെ ഏറ്റവും വൈവിധ്യം നിറഞ്ഞ മുന്നേറ്റ നിരയാണ് ബെല്‍ജിയത്തിന്റെ കരുത്ത്. എതിരാളികളുടെ വല നിറയെ ഗോള്‍ നറച്ചാണ് ബെല്‍ജിയത്തിന്‍രെ കുതിപ്പ് 14 ഗോളുകളാണ് ബെല്‍ജിയം മുന്നേറ്റ നിര എതിരാളികളുടെ വലയിലെത്തിച്ചത്. ഹസാര്‍ഡും ലുക്കാക്കുവും കെവിന്‍ ഡിബ്രൂണയുമടങ്ങുന്ന മുന്നേറ്റം ടീമിന് നല്‍കുന്ന മുന്‍തൂക്കം ചെറുതല്ല. ബെല്‍ജിയത്തിന്റെ തന്ത്രങ്ങളും ഫ്രാന്‍സിന്റെ യുവത്വവും ഏറ്റുമുട്ടാനൊരുങ്ങുമ്പോള്‍ ചൊവ്വാഴ്ച സെന്റ് പീറ്റേഴ്സ് ബര്‍ഗ് സ്റ്റേഡിയം കാത്തിരിക്കുന്നത് വീറുറ്റ പോരാട്ടമായിരിക്കും.

0Shares