
പീതാംബരൻ കുറ്റിക്കോൽ
കാസർകോട്. ഹവാല പണം, തീവ്രവാദപ്രവർത്തനം എന്നിവയുമായി ബന്ധപ്പെട്ട് ചെമ്പരിക്ക സ്വദേശിയെ അറസ്റ്റു ചെയ്ത സംഭവത്തോടെ കേന്ദ്രസുരക്ഷ ഏജൻസികൾ കാസർകോട്ട് പിടിമുറുക്കി. റോ, ഐ.ബി, എൻ.ഐ.എ എന്നീ ഏജൻസികളുടെ ഉന്നത ഉദ്യോഗസ്ഥസംഘമാണ് കാസർകോട്ടും പരിസരങ്ങളിലും അന്വേഷണം ശക്തമാക്കിയത് . വ്യാഴാഴ്ച്ച രാവിലെ കാസർകോട് ചൗക്കിൽ എൻ.ഐ.എ റൈഡ് നടത്തുകയും ഒരാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്‌തു. അതിനിടെ അടൂർ സ്വദേശിയെ തിരയുന്നുണ്ട്. ചില പ്രമുഖ വ്യക്തികളെ ചുറ്റിപ്പറ്റിയും നിരീക്ഷണം ശക്തമാക്കി.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ദക്ഷിണേന്ത്യയിലെ പ്രമുഖ ആർ.എസ്.എസ് നേതാക്കളെ കൊലപ്പെടുത്തി കേരളത്തിലും കർണാടകത്തിലും കലാപത്തിന് പദ്ധതിയിട്ടതിനാണ് ചെമ്പരിക്ക സ്വദേശിയായ സി.എം മുഹ്ത്താസിമിനെ ഡൽഹിയിൽ നിന്നും എത്തിയ പോലീസ് സംഘം ഈമാസം 11 ന് ചട്ടഞ്ചാലിലെ ഭാര്യാവീട്ടിൽ നിന്നും പിടികൂടിയത്. ഇയാളെ ഡൽഹിയിലെത്തിച്ചു വിശദമായി ചോദ്യം ചെയ്തിരുന്നു. നേതാക്കളെ വധിക്കുന്നതിന് രണ്ടുകോടി രൂപയുടെ കരാറാണ് മുഹ്ത്താസിമും കൂട്ടുപ്രതികളായ മുഹമ്മദ് സൈഫി, റിയാജുദ്ധീൻ എന്നിവരും ഉണ്ടാക്കിയതെന്നും അന്വേഷണ സംഘം കണ്ടെത്തിയതായി സൂചനയുണ്ട്.
ഇവരുടെ അറസ്റ്റോടെ വലിയ പദ്ധതിയാണ് സുരക്ഷ ഏജൻസികൾ തകർത്തത്. കാസർകോട് നിന്നും കസ്റ്റഡിയിലെടുത്ത ആളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. പാക്കിസ്ഥാനിൽ നിരോധനമുള്ള ലാഹോർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ‘ഹലാഹി’ ഫണ്ടേഷനിൽ നിന്നും ഇന്ത്യയിലെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് പണം കൈമാറുന്നതായി നേരത്തെ വ്യക്തമായിരുന്നു. ഇതോടെയാണ് കാസർകോട്ടും അന്വേഷണം ശക്തമാക്കിയത്.