കാസർകോട് ബദിയടുക്കയിൽ ഓംനി വാൻ 20 അടിയുള്ള കുഴിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചത് ഉമ്മയും മകനും; പരിക്കേറ്റ ഒരു കുട്ടിയുടെ നില അതീവഗുരുതരം

  • Post category:news
  • Reading time:1 min read
You are currently viewing കാസർകോട് ബദിയടുക്കയിൽ ഓംനി വാൻ 20 അടിയുള്ള കുഴിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചത് ഉമ്മയും മകനും; പരിക്കേറ്റ ഒരു കുട്ടിയുടെ നില അതീവഗുരുതരം

കാസർകോട്: കാസർകോട് ജില്ലയിലെ ബദിയടുക്കൽ ഓംനി വാൻ മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചത് ഉമ്മയും മകനും. മുഗു ഉറുമിയിലെ സ്വദേശികളും നിലവിൽ ബദിയടുക്ക പെർളയിൽ താമസക്കാരുമായ മുഹമ്മദിന്‍റെ മകന്‍ അബ്ദുല്‍ ഷരീഫ് (38), മാതാവ് ബീഫാത്വിമ (56) എന്നിവരാണ് മരിച്ചത്.

ഇതില്‍ അബ്ദുല്‍ ഷരീഫ് മുംബൈയില്‍ ഹോട്ടല്‍ കാഷ്യറാണ്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പായി നാട്ടിലേക്ക് വന്നതായിരുന്നു. ഇയാള്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം തിരിച്ച് മുംബൈയിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. മുഗു റോഡിലെ ഭാര്യാ സഹോദരന്‍ റഫീഖിന്‍റെ കുട്ടിയുടെ തൊട്ടില്‍ കെട്ടല്‍ ചടങ്ങിനായി കുടുംബസമേതം പോകുമ്പോഴാണ് ഓംനി വാന്‍ മുണ്ട്യത്തടുക്ക ഓണിബാഗിലുവില്‍ നിയന്ത്രണംവിട്ട് കുന്നിന്‍റെ മുകളില്‍ നിന്നും വീട്ടുപറമ്പിലേക്ക് മറിഞ്ഞത്.

അപകടത്തില്‍ ഷരീഫിന്‍റെ ഭാര്യ ഖൈറുന്നിസ (28), മക്കളായ ഷംന (10), ശഹര്‍ബാന്‍ (ആറ്) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവര്‍ ഇപ്പോള്‍ മംഗളൂരു യൂണിറ്റി ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ ഒരു കുട്ടിയുടെ നില അതീവഗുരുതരമാണ്.

ഇന്ന് ഉച്ചയ്ക്ക് 1.30 മണിയോടെ പെര്‍ളയിലെ വീട്ടില്‍ നിന്നും കെ. എ 19 എം. ബി 9522 നമ്പര്‍ ഓംനി വാനില്‍ പോകുമ്പോഴാണ് 20 അടിയോളം താഴ്ചയുള്ള കുഴിയിലേക്ക് മറിഞ്ഞത്. വാഹനത്തില്‍ കുടുങ്ങിയവരെ ഓടിക്കൂടിയ നാട്ടുകാരും പോലീസും വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്സും ചേര്‍ന്ന് വണ്ടി വെട്ടിപ്പൊളിച്ച് പുറത്തെടുത്തു.

അപകടസമയം തന്നെ ഷരീഫും മാതാവ് ബീഫാത്വിമയും മരണപ്പെട്ടിരുന്നു. മരിച്ചവരുടെ മൃതദേഹങ്ങള്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

0Shares