
ഉദുമ(കാസർകോട്): റവന്യു ജില്ലാ ശാസ്ത്രോത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയായി. 22 ന് രാവിലെ മുതൽ ഉദുമ ഹൈസ്കൂളിൽ ശാസ്ത്രം, പ്രവൃത്തി പരിചയം, ഐ.ടി മേളകൾ നടക്കും. ബേക്കൽ ജി.എഫ്.എച്ച്.സ്കൂളിൽ സാമൂഹ്യ ശാസ്ത്ര മേളയും, ബാര ഗവ. ഹൈസ്കൂളിൽ ഗണിത ശാസ്ത്രമേളയും നടക്കും. ജില്ലയിലെ വിവിധ സബ് ജില്ലകളിൽ നിന്നായി ആയിരത്തിലധികം വിദ്യാർത്ഥികൾ മത്സരങ്ങളിൽ മാറ്റുരക്കും.

ഉദുമ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ സംഘാടക സമിതി ജനറൽ കൺവീനറും ജില്ലാ വിദ്യാഭ്യാസ ഡയറക്ടറുമായ പുഷ്‌പ കെ.വി കഴിഞ്ഞദിവസം ലോഗോ പ്രകാശനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് സത്താർ മുക്കുന്നോത്തിന്‍റെ അധ്യക്ഷതയിൽ ഡയറ്റ് പ്രിൻസിപ്പാൾ ഡോ.സി.ബാലൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ജനറൽ, സബ് കമ്മറ്റികൾ ഡി.ഡി.ഇ യുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ വിലയിരുത്തി.
സ്കൂൾ പ്രിൻസിപ്പാൾമാർ, പ്രധാനാധ്യാപകർ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ, അധ്യാപകർ തുടങ്ങിയവർ സംബന്ധിച്ചു. ശാസ്ത്രോത്സവത്തിനുള്ള ലോഗോ തയ്യാറാക്കിയ ഞാണിക്കടവിലെ ജിഷ്‌ണു പവിത്രനെ അഭിനന്ദിച്ചു. പ്രചാരണ കമ്മിറ്റി ചെയർമാൻ സി.കെ അശോകൻ, ജയന്തി പി.വി തുടങ്ങിയവർ സംസാരിച്ചു.
