കാസര്‍കോട്ടുകാരുടെ പ്രിയങ്കരന്‍; നഷ്ടമായത് മാധ്യമ പ്രവര്‍ത്തകര്‍ക്കിടയിലെ സജീവ സാന്നിധ്യം.

  • Post category:news
  • Reading time:2 mins read
You are currently viewing കാസര്‍കോട്ടുകാരുടെ പ്രിയങ്കരന്‍; നഷ്ടമായത് മാധ്യമ പ്രവര്‍ത്തകര്‍ക്കിടയിലെ സജീവ സാന്നിധ്യം.

കാസര്‍കോട്: കാസര്‍കോട്ടെ സായാഹ്ന പത്രമായ ‘കാരവല്‍’ പത്രത്തിന്റെ ലേഖകന്‍ മുത്തലിബ് (42) ന്റെ വിയോഗം മാധ്യമ പ്രവര്‍ത്തകര്‍ക്കും ഒപ്പം കാസര്‍കോട്ടെ പൊതു സമൂഹത്തിനും താങ്ങാനാവാത്ത വേദനയാണ് ഉണ്ടാക്കിയത്. കഴിഞ്ഞ ദിവസം രാത്രി പത്രം ഓഫീസില്‍ നിന്നും വീട്ടിലേക്ക് മടങ്ങവെ കാസര്‍കോട്-മംഗലാപുരം ദേശീയ പാതയിലെ ചൗക്കിയില്‍ വെച്ച് അദ്ദേഹം സഞ്ചരിച്ച ബൈക്ക് എതിരെ വന്ന ബസ്സുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മുത്തലിബ് മരിച്ചത്. പ്രാദേശിക പത്ര പ്രവര്‍ത്തനത്തിന്റെ മാതൃകാപരമായ നേര്‍ സാക്ഷ്യമായിരുന്നു മുത്തലിബ്.

മാധ്യമ പ്രവര്‍ത്തനത്തിന്റെ മുഖ്യധാരയില്‍ കാണാന്‍ സാധിക്കില്ലെങ്കിലും കാസര്‍കോട്ടെ മാധ്യമ പ്രവര്‍ത്തന മേഖലയില്‍ മുത്തലിബ് മാഞ്ഞുപോകാത്ത കയ്യൊപ്പ് ചാര്‍ത്തിയ ഒരു പത്ര പ്രവര്‍ത്തകനായിരുന്നു. സമയബന്ധിതമായ പത്ര പ്രവര്‍ത്തന രീതിയായിരുന്നില്ല അദ്ദേഹത്തിന്റേത്. രാപ്പകല്‍ ഭേദമെന്യെ ഒരു ആത്മ നിര്‍വൃതി പോലെ മുത്തലിബ് വാര്‍ത്തകള്‍ക്ക് പിന്നാലെ ഓടി നടക്കുകയായിരുന്നു; നിഷ്‌കാമ കര്‍മ്മം പോലെ! ദരിദ്രമായ കുടുംബ പശ്ചാത്തലവും ജീവിത സാഹചര്യവുമാണ് മുത്തലീബിന്റേത്. പക്ഷെ ആരോടും പരിഭവവും പരാതിയുമില്ലാതെ പത്ര പ്രവര്‍ത്തനത്തില്‍ അഭിരമിച്ച അദ്ദേഹം തന്റെ നാട്ടിലും ചുറ്റുവട്ടത്തുമുള്ള മനുഷ്യ സ്‌നേഹപരമായ എല്ലാ സംരംഭങ്ങളുടെയും മുന്‍നിരയില്‍ ഉണ്ടായിരുന്നു.

അതുകൊണ്ട് തന്നെ പത്ര പ്രവര്‍ത്തകന്‍ എന്നതിലുപരി എല്ലാവര്‍ക്കും പ്രിയങ്കരനായ പൊതു പ്രവര്‍ത്തകന്‍ എന്ന നിലയിലും മുത്തലിബ് അറിയപ്പെട്ടിരുന്നു. രാവിലെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാലിക് ദിനാര്‍ ജുമാഅത്ത് പള്ളിയില്‍ മയ്യത്ത് നിസ്‌കരാത്തിന് ശേഷം കാസര്‍കോട് പ്രസ്സ് ക്ലബ്ബിലും തുടര്‍ന്ന് ‘കാരവല്‍’ പത്രം ഓഫീസിലും അദ്ദേഹത്തിന്റെ വീട്ടിലും ഭൗതീക ശരീരം പൊതു ദര്‍ശനത്തിന് വെച്ചപ്പോള്‍ ജീവിതത്തിന്റെ വിവിധ തുറകളിലുള്ള നിരവധി ആളുകള്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

ചൗക്കി കാവുഗോളി കടപ്പുറം ജുമാ മസ്ജിദ് പള്ളിയില്‍ ഖബര്‍സ്ഥാനില്‍ ഭൗതിക ശരീരം ഖബറടക്കി. മുത്തലിബിന്റെ അകാല വേര്‍പാടില്‍ കാസര്‍കോട് പ്രസ് ക്ലബ്ബില്‍ ചേര്‍ന്ന മാധ്യമ പ്രവര്‍ത്തകരുടെ യോഗം അനുശോചിച്ചു. പ്രസിഡന്റ് സണ്ണി ജോസഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി രവീന്ദ്രന്‍ രാവണേശ്വരം, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ വി.വി പ്രഭാകരന്‍, ടി.എ ഷാഫി, വിനോദ് പായം, അബ്ദുള്‍ റഹ്മാന്‍ ആലൂര്‍, വിനോദ് എ.പി, കണ്ണാലയം നാരായണന്‍, എസ്. രാജു എന്നിവര്‍ സംസാരിച്ചു.

0Shares