കാസര്‍കോട് രാജ്മോഹൻ ഉണ്ണിത്താനെതിരെ സി.പി.എം പ്രവർത്തകരുടെ കയ്യേറ്റ ശ്രമം: പിലാത്തറയിൽ റീപോളിങ്ങിന് കനത്ത സുരക്ഷ

  • Post category:news
  • Reading time:1 min read
You are currently viewing കാസര്‍കോട് രാജ്മോഹൻ ഉണ്ണിത്താനെതിരെ സി.പി.എം പ്രവർത്തകരുടെ കയ്യേറ്റ ശ്രമം: പിലാത്തറയിൽ റീപോളിങ്ങിന് കനത്ത സുരക്ഷ

കാസര്‍കോട്: കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ കള്ളവോട്ട് കണ്ടെത്തിയതിനെ തുടർന്ന് റീപോളിങ്ങ് പ്രഖ്യാപിച്ച് ബുത്തുകൾക്ക് സമീപം പ്രചാരണത്തിനിടെ സംഘർഷമുണ്ടായ മേഖലയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി പോലീസ്. കാസർകോട് മണ്ഡലത്തിലെ പിലാത്തറയിൽ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പ്രചരണം സി.പി.എം പ്രവര്‍ത്തകര്‍ തടയുകയും കയ്യേറ്റ ശ്രമം ഉണ്ടാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് നടപടി.

പിലാത്തറ ബസ് സ്റ്റാന്‍ഡിന് സമീപം പ്രചരണം നടത്തുന്നതിനിടയിലാണ് രാജ്‌മോഹന്‍ ഉണ്ണിത്താനെ തടയുകയും മൈക്ക് പിടിച്ചുവാങ്ങുകയും ചെയ്തത്. ഇതിന്‍റെ ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ച ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെയും പ്രവര്‍ത്തകര്‍ അക്രമിച്ചെന്നാണ് ആരോപണം. ഇതിന്‍റെ ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടു. കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ പിലാത്തറയിലടക്കം മൂന്ന് ബുത്തുകളിൽ കള്ളവോട്ട് കണ്ടെത്തിയതിനെ തുടർന്ന് റീപോളിങ് പ്രഖ്യാപിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി പിലാത്തറയില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പ്രചരണത്തിനെത്തിയപ്പോഴായിരുന്നു കയ്യേറ്റ ശ്രമം നടന്നത്.

സി.പി.എമ്മിന്‍റെ പ്രചാരണത്തിന് പിറകെ ഉണ്ണിത്താന്‍റെ നേതൃത്വത്തിൽ യു.ഡി.എഫ് സംഘം സ്ഥലത്തെത്തിയപ്പോഴായിരുന്നു സംഭവം. പി. ജയരാജന്‍ ആയിരുന്നു എൽ.ഡി.എഫിനായി പ്രചരണത്തിന് എത്തിയത്. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ മുജീബ് റഹ്മാനെയാണ് സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദിച്ചത്. കാമറമാന്‍ സുനില്‍ കുമാറിനെയും അക്രമികള്‍ കയ്യേറ്റം ചെയ്തിരുന്നു.

 

അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പിലാത്തറയിലും പരിസരത്തും വൻ സുരക്ഷയാണ് ഏർപ്പെടുത്തിയത്. അതിനിടെ കള്ളവോട്ട് കണ്ടെത്തിയ കണ്ണൂർ മണ്ഡലത്തിലെ പാമ്പുരുത്തിയിലും ഇന്നലെ ചെറിയ തോതിൽ സംഘർഷം ഉടലെടുത്തിരുന്നു. ഇടതുമുന്നണി സ്ഥാനാർത്ഥി ശ്രീമതി ടീച്ചറെ പാമ്പുരുത്തിയില്‍ പ്രചരണത്തിനെത്തിയപ്പോള്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. ഇതാണ് ഉന്തും തള്ളിനും കാരണമായത്.

അതേസമയം, കാസര്‍കോട് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താനെ പിലാത്തറയില്‍ വച്ച് കയ്യേറ്റം ചെയ്യുകയും തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗം അലങ്കോലപ്പെടുത്തകയും ചെയ്ത സി.പി.എമ്മിന്‍റെ നടപടിയെ കോണ്‍ഗ്രസ് ശക്തമായി അപലപിക്കുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ജനാധിപത്യ സംവിധാനങ്ങളും സ്വതന്ത്രമായ തെരഞ്ഞെടുപ്പും അട്ടിമറിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് രാജ്മോഹന്‍ ഉണ്ണിത്താനെതിരായ അക്രമം. സി.പി.എം പ്രവര്‍ത്തകര്‍ ഉണ്ണിത്താനെ അക്രമിക്കുമ്പോള്‍ പോലീസ് ഉദ്യോഗസ്ഥര്‍ നിഷ്‌ക്രിയരായി നോക്കി നിന്നെന്നും അദ്ദേഹം ആരോപിച്ചു.

0Shares