കാസര്‍കോട് ജില്ലയ്ക്ക് അഭിമാനമായി സംസ്ഥാനത്ത് ആദ്യമായി ഇന്റര്‍നെറ്റ് റേഡിയോ പ്രക്ഷേപണത്തിനു തയ്യാറായി

  • Post category:news
  • Reading time:2 mins read
You are currently viewing കാസര്‍കോട് ജില്ലയ്ക്ക് അഭിമാനമായി സംസ്ഥാനത്ത് ആദ്യമായി ഇന്റര്‍നെറ്റ് റേഡിയോ പ്രക്ഷേപണത്തിനു തയ്യാറായി

കാസര്‍കോട്: ജില്ലാ ഭരണകൂടവും നീലേശ്വരം റോട്ടറി ക്ലബ്ബും ചേര്‍ന്ന് തേജസ്വിനിറേഡിയോ പ്രക്ഷേപണം കാസര്‍കോട് ജില്ലയില്‍ ആരംഭിക്കുന്നു. സംസ്ഥാനത്ത് ആദ്യമായണ് ഇത്തരം ഒരുസംരംഭം സര്‍ക്കാര്‍ തലത്തില്‍ എത്തുന്നത്. തേജസ്വിനി റേഡിയോയുടെ ലോഗോയും തീം മ്യൂസിക് പ്രകാശനവും പ്രസ്‌ക്ലബില്‍ നടന്ന പരിപാടിയില്‍ ജില്ലാ കലക്ടര്‍ ജീവന്‍ ബാബു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീറിന് നല്‍കി ലോഗോ പ്രകാശനം ചെയ്തു. തീം മ്യൂസിക് ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ നിര്‍വ്വഹിച്ചു. തേജസ്വിനി ഇന്റര്‍നെറ്റ് സംവിധാനത്തിന്റെ തീം മ്യൂസിക് കാസര്‍കോട് ഇറിഗേഷന്‍ ഡിവിഷന്‍ ഓഫീസിലെ സീനിയര്‍ ക്ലര്‍ക്ക് ഹരിപ്രസാദാണ് തീം മ്യൂസിക് തയ്യാറാക്കിയത്. റവന്യു ജില്ലാ കലോത്സവത്തിന്റെ ലോഗോ ഉള്‍പ്പെടെ ശ്രദ്ധേയമായ നിരവധി ലോഗോ തയ്യാറാക്കിയിട്ടുള്ള പരവനടുക്കം സ്വദേശി നാഫിദ് ആണ് തേജസ്വിനി റേഡിയോ ലോഗോ രൂപകല്‍പ്പന ചെയ്തത്. ഭരണ സംവിധാനങ്ങള്‍ക്കും, പൊതുജനത്തിനുമിടയില്‍ കാര്യക്ഷമവും ഫലപ്രദവുമായ ആശയവിനിമയ മാധ്യമം കെട്ടിപ്പടുക്കുക എ ലക്ഷ്യത്തോടുകൂടിയാണ് ഈ റേഡിയോ പ്രക്ഷേപണത്തിനു തുടക്കമിടുത്. ജില്ലാ ഭരണകൂടത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളിലും സേവന വിതരണ പദ്ധതികളിലും വലിയ പങ്കുവഹിക്കുവാന്‍ ഈ റേഡിയോ പദ്ധതിക്ക് കഴിയും. തുടക്കത്തില്‍ രാവിലെ ഏഴിനും പതിനൊന്നിനും ഓരോ ബുള്ളറ്റിനാണുണ്ടാവുക.പതിനഞ്ചുമിനുട്ട് ദൈര്‍ഘാ്യമുള്ള വര്‍ത്തയില്‍ പ്രധാനമായും സര്‍ക്കാര്‍ അറിയിപ്പുകളാണ് ഉള്‍പെടുത്തുന്നത്. ഇന്റര്‍നെറ്റ് അധിഷ്ഠിത റേഡിയോ സംവിധാനം ആദ്യമായാണ് കേരളത്തില്‍ നടപ്പാക്കുന്നത്. കമ്പ്യൂട്ടറുകളിലും സ്മാര്‍ട്ട് ഫോണുകളിലും വാട്ടുസാപ്പുവഴിയും ഫേസുബുക്കുവഴിയും ഈ സേവനം ശ്രോതാവിനു ലഭ്യമാണ്. തുടക്കത്തില്‍ മലയാളത്തിലും പിന്നീട് കന്നഡ ഭാഷയിലും പ്രക്ഷേപണം വ്യാപിപ്പിക്കുവാനാണ് പദ്ധതി. സര്‍ക്കാര്‍ അറിയിപ്പുകള്‍, വിവിധ വകുപ്പുകള്‍ സംബന്ധിച്ച വിവരങ്ങള്‍, ജില്ലാ വൃത്താന്തം, ജോലി സംബന്ധവും , ആരോഗ്യ പരവുമായ അറിയിപ്പുകള്‍, ടൂറിസം വിശേഷങ്ങള്‍, ഇവയൊക്കെ കോര്‍ത്തിണക്കിയാണ് റേഡിയോ ഒരുങ്ങുന്നത്.
ജനങ്ങള്‍ വിവിധ ആവശ്യങ്ങള്‍ക്കായി വരുന്ന അക്ഷയകേന്ദ്രങ്ങള്‍, വില്ലേജ് ഓഫീസുകള്‍, പഞ്ചായത്തുകള്‍, ബസ്സ്റ്റോപ്പുകള്‍, വായനാശാലകള്‍, കലക്ടറേറ്റ്, മിനി സിവില്‍ സ്റ്റേഷന്‍, സ്‌കൂളുകള്‍ ഇവയെല്ലാം വഴി അറിയിപ്പുകള്‍ പൊതുജനങ്ങളിലേക്ക് എത്തിക്കുവാനാണ് ഉദ്ദേശിക്കുന്നത്.
ശനിയാഴ്ച്ച രാവിലെ 11 ന് നീലേശ്വരം റോട്ടറി ക്ലബ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ തേജസ്വിനി ഇന്റര്‍നെറ്റ് റേഡിയോ സംവിധാനം റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ കലക്ടര്‍ കെ ജീവന്‍ബാബു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തൃക്കരിപ്പൂര്‍ എം.എല്‍.എ എം. രാജഗോപാലന്‍ അദ്ധ്യക്ഷത വഹിക്കും. എം.പി .പി.കരുണാകരന്‍, എം.എല്‍.എമാരായ പി.ബി അബ്ദുല്‍ റസാഖ്, എന്‍.എ. നെല്ലിക്കുന്ന്, കെ. കുഞ്ഞിരാമന്‍ എന്നിവര്‍ സംസാരിക്കും. ജില്ലാ കലക്ടര്‍ കെ ജീവന്‍ ബാബു പദ്ധതി വിശദീകരിക്കും. ചടങ്ങില്‍ സൗണ്ട് ബോക്സ് റോട്ടറി ക്ലബ്ബ് പ്രസിഡന്റ് കെ രാമകൃഷ്ണന്‍ നീലേശ്വരം നഗരസഭ ചെയര്‍മാന് കൈമാറും. വാര്‍ത്താസമ്മേളനത്തില്‍ എ.ഡി.എം എന്‍ ദേവീദാസ്, ജില്ലാ പോലിസ് ചീഫ് കെ.ജി സൈമണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, കെ കമലാക്ഷന്‍ സംബന്ധിച്ചു.

0Shares