കാസര്‍കോട് ക്ലോക്ക് ടവറിന്റെ ചിത്രം ക്യാന്‍വാസില്‍ വരച്ച് ഫേസ് ബുക്കിലിട്ടു; പിന്നെ പത്മരാജനെ തേടിയെത്തിയത്…

  • Post category:news
  • Reading time:1 min read
You are currently viewing കാസര്‍കോട് ക്ലോക്ക് ടവറിന്റെ ചിത്രം ക്യാന്‍വാസില്‍ വരച്ച് ഫേസ് ബുക്കിലിട്ടു; പിന്നെ പത്മരാജനെ തേടിയെത്തിയത്…

കാസര്‍കോട്: ഒരു നേരം പോക്കിനു വേണ്ടിയാണ് കാസര്‍കോട് ക്ലോക്ക് ടവറിന്റെ ചിത്രം പത്മരാജന്‍ വരച്ചത്. വരച്ച ചിത്രം ഫേസ് ബുക്ക് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തപ്പോള്‍ അപ്രതീക്ഷിതമായ പ്രതികരണങ്ങളാണ് ലഭിച്ചത്. ആദ്യദിവസം തന്നെ ആയിരത്തിയഞ്ഞൂറോളം ലൈക്കുകള്‍. വൈറലായ ചിത്രം ഇപ്പോള്‍ വാട്ട്‌സാപുകളിലും പരക്കുകയാണ്. എല്ലാ അഭ്യുദയാകാംക്ഷികളോടും നന്ദി അറിയിച്ച് പത്മരാജന്‍ ഫേസ്ബുക്കില്‍ കുറിക്കാനും മറന്നില്ല. ചെറുവത്തൂര്‍ സ്വദേശിയായ പത്മരാജന്‍ നെല്ലിക്കുന്ന് കടപ്പുറം സ്‌കൂളിലാണ് ജോലിചെയ്യുന്നത്. ചെറുപ്പത്തില്‍ തന്നെ വരയോട് കമ്പമുള്ള പത്മരാജന്‍ അത്യാവശ്യം മാത്രമാണ് വരയ്ക്കാറുള്ളത്. സ്‌കൂളിലെ ചുമരില്‍ ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. ചെറുവത്തൂരില്‍ നിന്ന് ദിവസവും ട്രെയിനിനാണ് കാസര്‍കോട് എത്തുന്നത്. അതു കൊണ്ട് തന്നെ ദിവസേനയുള്ള റെയില്‍വേ സ്റ്റേഷനിലേക്കുള്ള യാത്രയില്‍ പല കാഴ്ചകളും കാണാറുണ്ട്. കാസര്‍കോട് ഇന്നത്തെ കാസര്‍കോടിന്റെ ആസ്ഥാനമാകുന്നതിന് മുമ്പ് ഒരു ശ്രദ്ധാകേന്ദ്രമായിരുന്നു ക്ലോക്ക് ടവര്‍.

ഖാന്‍ ബഹാദൂര്‍ മുഹമ്മദ് ഷംനാട് എന്ന ധീരനായ സാമൂഹ്യപരിഷ്‌കര്‍ത്താവിന്റെ പേരില്‍ 1955 ല്‍, അഥവാ കേരളം രൂപീകരിക്കുന്നതിന് മുമ്പ് അന്നത്തെ മദ്രാസ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്ന കാമരാജ നാടാര്‍ ഉദ്ഘാടനം ചെയ്ത സ്മാരകമായിരുന്നു. ഇവിടെ നിന്നാണ് കാസര്‍കോട് നഗരം ആരംഭിക്കുന്നത്. കാസര്‍കോട് നഗരമാകുന്നതിന് മുമ്പുള്ള കാസര്‍കോടിന്റെ പ്രധാന വാണിജ്യകേന്ദ്രം, കാസര്‍കോട്ടെ ആദ്യത്തെ ബസ്സ്റ്റാന്റും ഇവിടെയായിരുന്നുവത്രെ. ഇത് നമ്മുടെ നാട്ടിലെ പലര്‍ക്കുമറിയില്ലെന്നും ഒരു ഓര്‍മപെടുത്തല്‍ മാത്രമാണ് ഈ ചിത്രമെന്നും പത്മരാജന്‍ പറയുന്നു. ഇനിയും കാസര്‍കോടിന്റെ കൂടുതല്‍ ചിത്രങ്ങള്‍ വരയ്ക്കാന്‍ തയ്യാറാണെന്നും വരയ്ക്കാന്‍ പറ്റിയ കാസറകോടന്‍ കാഴ്ചകള്‍ എല്ലാവര്‍ക്കും അയച്ചുതരാവുന്നതാണെന്ന് ഈ നാല്‍പതുകാരന്‍ പറയുന്നു.

 

0Shares