കാസര്‍കോട് ഉക്കിനടുക്കയില്‍ മുഖ്യമന്ത്രിക്കെതിരേ ബി.ജെ.പി പ്രതിഷേധം; മുഖ്യമന്ത്രിയെ മറ്റൊരു വഴിയിലൂടെ വേദിയിലെത്തിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing കാസര്‍കോട് ഉക്കിനടുക്കയില്‍ മുഖ്യമന്ത്രിക്കെതിരേ ബി.ജെ.പി പ്രതിഷേധം; മുഖ്യമന്ത്രിയെ മറ്റൊരു വഴിയിലൂടെ വേദിയിലെത്തിച്ചു

കാസര്‍കോട്: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് കാസര്‍കോട് ഉക്കിനടുക്കയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കാനിരിക്കുന്ന പരിപാടിക്കെതിരെ ബി.ജെ.പി പ്രതിഷേധം. മെഡിക്കല്‍ കോളേജിന്റെ മൂന്നാംഘട്ട പ്രവൃത്തിയുടെ ഭാഗമായി ആശുപത്രി കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം നടക്കുന്ന സ്ഥലത്തേക്കാണ് ബി.ജെ.പി പ്രതിഷേധം സംഘടിപ്പിച്ചത്. ബി.ജെ.പി പ്രവര്‍ത്തകര്‍ ഉക്കിനടുക്കയിലേക്കുള്ള പ്രധാന റോഡ് ഉപരോധിച്ചു. സുരേന്ദ്രന്റെ അറസ്റ്റില്‍ പ്രതിഷേധം രേഖപ്പെടുത്തിയാണ് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചടങ്ങു നടക്കുന്ന വേദിയിലേക്ക് പ്രകടനം നടത്തിയത്. എന്നാല്‍ പ്രകടനം അരക്കിലോമീറ്റര്‍ അകലെ വെച്ച് പോലീസ് തടഞ്ഞു. പോലീസുകാരും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. അതിനിടെയാണ് മറ്റൊരു വഴിയിലൂടെ മുഖ്യമന്ത്രി 11 മണിക്കാണ് വേദിയിലെത്തിയത്. പ്രതിഷേധം കാരണം ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബു വഴിയില്‍ കുടുങ്ങിയെങ്കിലും പ്രതിഷേധക്കാര്‍ കലക്ടറെ പോകാന്‍ അനുവദിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മേഖലയില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചിരുന്നു. ജില്ലാ സെക്രട്ടറി എ. വേലായുധന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.

0Shares