കാസര്‍കോട്: ജില്ലാ പഞ്ചായത്തിന് കീഴില്‍ കാഞ്ഞങ്ങാട് ചെമ്മട്ടംവയലില്‍ പ്രവര്‍ത്തിച്ച് വരുന്ന ജില്ലാ ആശുപത്രിയെ സൂപ്പര്‍സ്പെഷ്യാലിറ്റി ആശുപത്രിയായി ഉയര്‍ത്തി കൊണ്ടു വരുന്നതിനുളള ദൗത്യത്തിന് ജില്ലാ പഞ്ചായത്ത് നേതൃത്വം നല്‍കാനൊരുങ്ങുന്നു. ജില്ലാ ആശുപത്രിയെ പൊതുജനാരോഗ്യ രംഗത്ത് മികവിന്റെ പര്യായമാക്കുകയെന്നെ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ കൂട്ടായ ശ്രമങ്ങളിലൂടെ നമുക്ക് സാധിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ പറഞ്ഞു. പൊതുജനങ്ങളുടേയും, സര്‍ക്കാര്‍, സര്‍ക്കാരിതര ഏജന്‍സികളുടേയും സഹായം ഇതിനായി തേടും. നിലവില്‍ ആശുപത്രിയില്‍ പൊതുജനങ്ങള്‍ക്ക് ലഭിച്ച് കൊണ്ടിരിക്കുന്ന സൗകര്യങ്ങള്‍ക്ക് പുറമെ വിവിധ ചികിത്സാ വിഭാഗങ്ങളിലായി മികച്ച ചികിത്സാ സൗകര്യങ്ങളും, രോഗീപരിചരണവും സൂപ്പര്‍ സ്പെഷ്യാലിറ്റിയിലൂടെ പൊതുജനങ്ങള്‍ക്ക് ഏര്‍പ്പെടുത്തും.
വിവിധ ചികിത്സാ വിഭാഗങ്ങളിലായി ഏറ്റവും മികച്ച സൗകര്യങ്ങള്‍ പൊതുജനങ്ങള്‍ക്കായി ഒരുക്കുന്നതിനുളള ഒരു വിശദമായ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കും. ജില്ലാ ആശുപത്രിയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് കൊണ്ടുളള പ്രവര്‍ത്തനങ്ങളുടെ ആദ്യ ഘട്ടമെന്ന നിലയില്‍ ഒരു പ്രാഥമിക കൂടിയാലോചന യോഗം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ ശനിയാഴ്ച രാവിലെ 10.30 മണിക്ക് നടക്കും. മന്ത്രി ഇ.ചന്ദ്രശേഖരന്‍ യോഗത്തില്‍ പങ്കെടുക്കും.
കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയെ സൂപ്പര്‍ സ്പെഷ്യാലിറ്റിയാക്കുന്നു; ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിലുള്ള കൂടിയാലോചന യോഗം ശനിയാഴ്ച