കാസർകോട് : കിണറ്റില്‍ വീണ് രണ്ടു പിഞ്ചുകുട്ടികള്‍ ദാരുണമായി മരിച്ചു. ബദിയടുക്ക പിലാങ്കട്ടയിലെ ഹമീദ് – റിയാന ദമ്പതികളുടെ മകന്‍ റംസാന്‍ (നാല്), ഹമീദിന്റെ സഹോദരന്‍ ശബീര്‍ – നാഫിയ ദമ്പതികളുടെ മകന്‍ നസ്‌വാന്‍ (രണ്ട്) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ ദാരുണ മരണമുണ്ടായത്.

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികളെ പെട്ടെന്നു കാണാതാവുകയായിരുന്നു. കിണറ്റില്‍ നോക്കിയപ്പോള്‍ കുട്ടികള്‍ മുങ്ങിത്താഴുകയായിരുന്നു. ബന്ധുക്കളുടെ നിലവിളികേട്ടെത്തിയ നാട്ടുകാര്‍ ഉടന്‍ കിണറ്റില്‍ ഇറങ്ങി കുട്ടികളെ പുറത്തെടുത്തു ബദിയടുക്ക കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ആള്‍മറയുള്ള കിണറിന്റെ സമീപം കോണ്‍ക്രീറ്റ് ജെല്ലി കൂട്ടിവെച്ചിരുന്നു. ഇതുവഴിയായിരിക്കാം കുട്ടികള്‍ കിണറിന് മുകളില്‍ കയറിയതെന്ന് സംശയിക്കുന്നു.

ഇന്നലെ ബാവിക്കര പുഴയില്‍(ചന്ദ്രഗിരിപ്പുഴ) കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചതിന്റെ ഞെട്ടല്‍ മാറുംമുമ്പാണ് പിഞ്ചുകുഞ്ഞുങ്ങളുടെ ഇന്നത്തെ ദാരുണ മരണം.