മംഗളുരു: ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത കര്‍ണാടക നിയമസഭയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയെ തന്നെ മന്ത്രിസഭ ഉണ്ടാക്കാന്‍ ക്ഷണിക്കേണ്ടതുണ്ടോ?. ഭരണഘടനാ വ്യക്തത നല്‍കിയിട്ടില്ലാത്ത ഈ വിഷയത്തില്‍ ഏറ്റവും ഒടുവിലുണ്ടായ സുപ്രീംകോടതി വിധി സര്‍ക്കാരുണ്ടാക്കാന്‍ ഭൂരിപക്ഷമുണ്ടെന്ന് മറ്റേതെങ്കിലും പാര്‍ട്ടി കൂട്ടായ്മ ഗവര്‍ണരെ ബോധ്യപ്പെടുത്തിയാല്‍ അവരെ മന്ത്രിസഭാ രൂപീകരിക്കാന്‍ ക്ഷണിക്കാം എന്ന വിധത്തിലായിരുന്നു. ഗോവയില്‍ ബി.ജെ.പിയുടെ സര്‍ക്കാര്‍ രൂപീകരണത്തിന് അനുകൂലമായുണ്ടായ ഈ വിധി ഇപ്പോള്‍ കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്- ജെഡി.എസ് സഖ്യത്തിന് അനുകൂലമായി വ്യാഖ്യാനിക്കാം. എന്നാല്‍ ബി.ജെ.പി നോമിനിയും നരേന്ദ്ര മോഡിയുടെ ഉറ്റ അനുയായിയുമായ ഗവര്‍ണര്‍ എന്ത് തീരുമാനമെടുക്കുമെന്ന് കാത്തിരുന്നു കാണണം.
നാല്‍പതംഗ ഗോവ നിയമസഭയിലേക്ക് 2017 ഫെബ്രുവരി നാലിനായിരുന്നു തിരഞ്ഞെടുപ്പ്. കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി, ഭാരതീയ ജനതാ പാര്‍ട്ടി, മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി, സ്വതന്ത്രര്‍ എന്നിവര്‍ വിജയിച്ചു. 40 അംഗ നിയമസഭയില്‍ 17 സീറ്റുള്ള കോണ്‍ഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി ബി.ജെ.പിയ്ക്ക് 13 സീറ്റായിരുന്നു. തൂക്കുനിയമസഭ വന്നതോടെ സര്‍ക്കാര്‍ രൂപീകരണം തര്‍ക്കത്തിലായി.
ബി.ജെ.പി ചെറു പാര്‍ട്ടികളെ ചാക്കിലാക്കി ഭൂരിപക്ഷം ഉണ്ടെന്ന വാദം ഉന്നയിച്ചു. ഗവര്‍ണര്‍ അവരെ മന്ത്രിസഭ ഉണ്ടാക്കാന്‍ ക്ഷണിച്ചു. വിശ്വാസ വോട്ട് തേടാനും അനുമതി നല്‍കി. ഇതിനെതിരെ കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചു. കോണ്‍ഗ്രസിന്റെ വാദങ്ങള്‍ തള്ളിയ കോടതി വിശ്വാസ വോട്ടെടുപ്പു നടത്താന്‍ 2017 മാര്‍ച്ച് 14 ന് ഉത്തരവിടുകയായിരുന്നു. മേഘാലയ, മണിപ്പൂര്‍ എന്നിവിടങ്ങളിലും ഒറ്റക്കക്ഷി വ്യവസ്ഥ നടപ്പായിരുന്നില്ല. മണിപ്പൂരില്‍ കോണ്‍ഗ്രസ് 28 സീറ്റും ബിജെപി 21 സീറ്റുമാണ് നേടിയത്. ഭരണത്തിലെത്തിയത് ബി.ജെ.പി മേഘാലയയില്‍ 59 അംഗ സഭയില്‍ കോണ്‍ഗ്രസിന് 21 ഉം ബി.ജെ.പിക്കു രണ്ടും. എന്നിട്ടും കോണ്‍ഗ്രസ്സിനെ മന്ത്രിസഭ രൂപീകരിക്കാന്‍ ക്ഷണിച്ചുമില്ല, ബി.ജെ.പി ഭരണത്തില്‍ നിന്ന് മാറി നില്‍ക്കുന്നുമില്ല.