
കാഞ്ഞങ്ങാട്/ കാസര്കോട്: കന്നഡ ക്ലാസിലേക്ക് കന്നഡ മീഡിയം അധ്യാപകരെ തന്നെ നിയമിക്കണമെന്നും കന്നഡ മീഡിയം പ്ലസ് വൺ തുല്യതാ പരീക്ഷയും കന്നഡ ഭാഷയിൽ തന്നെ നടത്തണമെന്നും ആവശ്യപ്പെട്ടു കൊണ്ട് കാസർകോട് ജില്ലാ പഞ്ചായത്ത് മെമ്പർമാർ അടങ്ങുന്ന നിവേദക സംഘം സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രിയെ സന്ദർശിച്ച് നിവേദനം സമർപ്പിച്ചു.

സംസ്ഥാന കലോത്സവത്തിന്റെ സ്വാഗത സമിതി യോഗത്തിനായി കാഞ്ഞങ്ങാട് എത്തിചേർന്ന വിദ്യാഭ്യാസ വകുപ്പ് മന്തി രവീന്ദ്രനാഥിന് കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി. ബഷീറിന്റെ നേതൃത്വത്തിൽ ഭരണ സമിതി അംഗങ്ങൾ ജില്ലയുടെ കന്നഡ ഭാഷാ വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെടുത്തി. കന്നഡ ഭാഷയിൽ പരിജ്ഞാനം ഇല്ലാത്ത അധ്യാപകരെ നിയമിക്കുന്ന പി . എസ് . സിയുടെ നടപടിയെ തടയുന്നതിനും, കന്നഡ മീഡിയം ഹയർ സെക്കൻഡറി തുല്യതാ പരീക്ഷയെ കന്നഡ ഭാഷയിൽ തന്നെ നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ് , സ്റ്റാന്റിംഗ് : കമ്മിറ്റി ചെയർമാൻമാരായ . ഹർഷാദ് വൊർക്കാടി , ഷാനവാസ് പാദൂർ , മെമ്പർമാരായ അഡ്വ . കെ . ശ്രീകാന്ത് , ഇ.പത്മാവതി , പി.സി . സുബൈദ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എം.ഗൗരി , ഓമന രാമചന്ദ്രൻ , ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി. നന്ദകുമാർ എന്നിവരും നിവേദക സംഘത്തിൽ ഉണ്ടായിരുന്നു . തുല്യതാ പരീക്ഷ കന്നഡ ഭാഷയിൽ തന്നെ നടത്തുവാൻ നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി വാഗ്ദാനം നൽകി. കന്നഡ ഭാഷയിൽ പരിജ്ഞാനം ഇല്ലാത്ത അധ്യാപകരെ നിയമനം നടത്തിയ നടപടിയെ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുന്നതാണെന്നും ഉറപ്പ് നൽകി.
