കണ്ണൂര്‍, കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനുകളില്‍ അടിയന്തിര മെഡിക്കല്‍ സര്‍വീസ് ബൂത്ത് വരുന്നു; ആംബുലന്‍സ് സേവനത്തിന് ഡ്യൂട്ടി സ്റ്റേഷന്‍ മാസ്റ്ററെ യാത്രക്കാര്‍ക്ക് സമീപിക്കാം

  • Post category:news
  • Reading time:1 min read
You are currently viewing കണ്ണൂര്‍, കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനുകളില്‍ അടിയന്തിര മെഡിക്കല്‍ സര്‍വീസ് ബൂത്ത് വരുന്നു; ആംബുലന്‍സ് സേവനത്തിന് ഡ്യൂട്ടി സ്റ്റേഷന്‍ മാസ്റ്ററെ യാത്രക്കാര്‍ക്ക് സമീപിക്കാം

കോഴിക്കോട്: കണ്ണൂര്‍, കോഴിക്കോട് റെയില്‍വേ സ്റ്റേഷനുകളില്‍ അടിയന്തിര മെഡിക്കല്‍ സര്‍വീസ് ബൂത്ത് (ഇ.എം.എസ്.ബി) സ്ഥാപിക്കാന്‍ റെയില്‍വേ പദ്ധതിയിടുന്നു. ഇതിനായി കണ്ണൂരില്‍ ദേശീയ ആരോഗ്യ മിഷന്‍ (എന്‍എച്ച്എം) വിഭാഗവും, കോഴിക്കോട്ട് മലബാര്‍ ഹോസ്പിറ്റലും പദ്ധതിയുടെ നടത്തിപ്പിന് സന്നദ്ധത അറിയിച്ചുകഴിഞ്ഞു. കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍ ജംങ്ഷന്‍, മംഗളൂരു സ്‌റ്റേഷനുകളില്‍ ആശുപത്രികളുടെ സഹായത്തോടെ മെഡിക്കല്‍ ബൂത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ജുലൈ മുതല്‍ ആരംഭിച്ചിരുന്നു. എന്നാല്‍ കണ്ണൂര്‍, കോഴിക്കോട് സ്റ്റേഷനുകളിലാണ് ഇപ്പോള്‍ ബൂത്ത് ഒരുങ്ങാന്‍ പോകുന്നത്. കണ്ണൂരില്‍ വി.ഐ.പി ലോഞ്ചിനു സമീപത്താണ് ബൂത്ത് സ്ഥാപിക്കുന്നത്. കോഴിക്കോട് എസ്‌കലേറ്ററുകളിലേക്കുള്ള പ്ലാറ്റ്‌ഫോം നമ്പര്‍ ഒന്നിലായിരിക്കും സ്ഥാപിക്കുക. ബൂത്തില്‍ മുഴുവന്‍ സമയവും പാരാമെഡിക്കല്‍ സ്റ്റാഫിന്റെ സേനവമുണ്ടായിരിക്കും. അടിയന്തിരാവശ്യങ്ങള്‍ നേരിടുന്നതിനുള്ള പ്രഥമ ശുശ്രൂഷയും ജീവരക്ഷക്ക് മരുന്നുകളും ഉപകരണങ്ങളും വിതരണം ചെയ്യുന്നതിനുള്ള സൗകര്യവും ബൂത്തിലുണ്ടാകും. സ്ഥിതിഗതികള്‍ക്കനുസൃതമായി ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കാനുള്ള ക്രമീകരണങ്ങളും ഏര്‍പ്പെടുത്തും.കണ്ണൂരില്‍ ലബ്‌നാത് ഷാ മെമ്മോറിയല്‍ ട്രസ്റ്റിന്റെ ആംബുലന്‍സ് സേവനം പ്രയോജനപ്പെടുത്തും. സ്റ്റേഷന്‍ വരെ എതിര്‍വശത്തായി സ്ഥിതിചെയ്യുന്ന ആണ് ഇത് നല്‍കുന്നത്. കോഴിക്കോട്ടെ ആംബുലന്‍സുകളുടെ സേവനം സാധാരണ രീതിയിലൂടെ ക്രമീകരിക്കും. യാത്രക്കാര്‍ക്കും റെയില്‍വേ സ്റ്റാഫുകള്‍ക്കും ബൂത്തുകളില്‍ നിന്നുള്ള സേവനം സൗജന്യമായിരിക്കും. തുടര്‍ ചികില്‍സ വേണ്ട രോഗിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലോ ജനറല്‍ ഹോസ്പിറ്റലിലേക്കോ മറ്റ് അവര്‍ക്ക് സൗകര്യമുള്ള ആശുപത്രികളിലേക്കോ കൊണ്ടുപോകുകയും ചെയ്യും. പാലക്കാട് ഡിവിഷനാണ് രാജ്യത്താദ്യമായി ഒരു റെയില്‍വേ സ്റ്റേഷനിലെ മെഡിക്കല്‍ ബൂത്ത് ആരംഭിക്കുന്നത്. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ എസ്. ലബ്‌നാത്ത് ഷാ മെമ്മോറിയല്‍ ട്രസ്റ്റ് സഹായത്തോടെയുള്ള ആംബുലന്‍സ് സര്‍വീസ് ആണ് ഡിവിഷന്റെ ആദ്യ നീക്കം. അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതില്‍ ഈ സേവനം വളരെ ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു. ആവശ്യമുള്ള യാത്രക്കാരെ സഹായിക്കാന്‍ സ്റ്റേഷന്‍ അധികൃതരും റെയില്‍വേ പോലീസും ഈ സൗകര്യം ഉപയോഗിക്കുന്നുണ്ട്. സ്റ്റേഷനില്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് അടിയന്തിര ഘട്ടത്തില്‍ സേവനം നല്‍കാറുണ്ട്. കണ്ണൂര്‍ റയില്‍വേ സ്റ്റേഷനില്‍ ലുബ്‌നാഥ് ഷാ ട്രസ്റ്റ് നല്‍കുന്ന ആംബുലന്‍സ് സേവനം നല്ലരീതിയില്‍ മുന്നോട്ട് പോകുന്നുണ്ട്. ഡ്യൂട്ടി സ്റ്റേഷന്‍ മാസ്റ്ററിലൂടെ ആംബുലന്‍സുകളുടെ സേവനം പ്രയോജനപ്പെടുത്താമെന്ന് പാലക്കാട് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

0Shares