
കണ്ണൂര്‍: അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കണ്ണൂരില്‍ വിളിച്ചു ചേര്‍ത്ത സി.പി.എം -ബി.ജെ.പി ഉഭയകക്ഷി ചര്‍ച്ചയില്‍ അക്രമങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അണികള്‍ക്ക് നിര്‍ദേശം നല്കാന് കണ്ണൂര്‍ ഗവ.ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ ധാരണ. പ്രശ്നങ്ങളുണ്ടായാല്‍ അതിനുമേല്‍ പ്രശ്നങ്ങളുണ്ടാക്കരുതെന്നും നിര്‍ദേശം നല്‍കും. പയ്യന്നൂരിലും തലശേരിയിലും പ്രാദേശിക ഉഭയകക്ഷിയോഗം ചേരും. ഈമാസം 11 നു പയ്യന്നൂരില്‍ യോഗം ചേരും.
സംഘര്‍ഷമുണ്ടായാല്‍ ചര്‍ച്ച എന്നതിന് പകരം കൃത്യമായ ഇടവേളകളില്‍ ഇരുവിഭാഗങ്ങളും യോഗം ചേര്‍ന്ന് സമാധാന അന്തരീക്ഷം വിലയിരുത്തണം എന്ന നിര്‍ദേശം ചര്‍ച്ചയില്‍ ഇരുപാര്‍ട്ടികളും ചര്‍ച്ച ചെയ്തിട്ടുണ്ട്. രാഷ്ട്രീയസംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ രക്തസാക്ഷി ദിനം ആചരിക്കുമ്പോള്‍ അത് മറുപക്ഷത്തെ പ്രകോപിപ്പിക്കാത്ത തരത്തില്‍ വേണമെന്നും ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. ഞായറാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന സര്‍വ്വകക്ഷി യോഗത്തില്‍ കണ്ണൂരിലെ ചര്‍ച്ചയിലുണ്ടാക്കിയ ധാരണകളും തീരുമാനങ്ങളും അറിയിക്കും. പയ്യന്നൂര്‍, തലശേരി മേഖലകളിലാണ് ദിവസങ്ങള്‍ക്ക് മുന്‍പ് ബി.ജെ.പി- സി.പി.എം സംഘര്‍ഷമുണ്ടായത്.

ചര്‍ച്ചയിലെടുത്ത ധാരണകള്‍ പത്തുദിവസത്തിനകം അണികളിലെത്തിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അറിയിച്ചു. ജില്ലയില്‍ സമാധാനവും ശാന്തിയും നിലനിര്‍ത്താന്‍ എല്ലാ പിന്തുണയും നല്‍കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും വ്യക്തമാക്കി. ഇനി ഒരു തുള്ള ചോര വീഴാതിരിക്കാനുള്ള പ്രവര്‍ത്തനമാണ് ആവശ്യമെന്നും ചര്‍ച്ചയ്ക്ക് ശേഷം കുമ്മനം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, ജില്ലാ സെക്രട്ടറി പി ജയരാജന്, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്, ജില്ലാ പ്രസിഡന്റ് ടി സത്യപ്രകാശന്‍, പ്രാന്ത കാര്യവാഹക് ഗോപാലന് കുട്ടി തുടങ്ങിയ നേതാക്കള്‍ സംബന്ധിച്ചു.
