ചാനല്‍ ആര്‍.ബി: മണ്ണിന്റെ മണവുമായി വീണ്ടുമൊരു വിഷുക്കാലം. പുതുവര്‍ഷപ്പിറവിയുടെ ഉത്സവമായി വിഷു പടികടന്നെത്തുമ്പോള്‍ ഭൂമിയിലെമ്പാടുമുള്ള മലയാളികളുടെ ഹൃദയത്തിലും ഉത്സവമേളം. കക്ഷിരാഷ്ട്രീയ ജാതി മതഭേദമെന്യേ ഓരോ മലയാളിയും വിഷുവിനെ നെഞ്ചോട് ചേര്‍ത്ത് വയ്ക്കുന്നു. അത് മലയാളികളുടെ ഗൃഹാതുര സ്മരണകളുടെ ഉത്സവം കൂടിയാണ്. മഞ്ഞയണിഞ്ഞ കൊന്നമരക്കൊമ്പിലിരുന്ന് വിഷുപക്ഷി നമ്മെ വിളിച്ചുണര്‍ത്തുകയാണ്. മലയാണ്മയുടെ മണ്ണിനെ, മനസ്സിനെ, പ്രകൃതിയെത്തന്നെയും. തളിരിലകളുടെ കുളിരുമായെത്തുന്ന ആ കിളി നാദം നമ്മുടെ ഉള്ളം കുളിര്‍പ്പിക്കുന്നു.

വിഷു എന്ന കാര്‍ഷികോത്സവത്തിന്റെ വരവ് മലയാളിയെ പ്രകൃതിയിലേക്ക് അടുപ്പിക്കാന്‍ പോന്നതാണ്. സൂര്യന്‍ മീനം രാശിയില്‍ നിന്ന് മേടം രാശിയിലേക്ക് പ്രവേശിക്കുന്ന ആണ്ടറുതി ദിനമായ വിഷു പ്രത്യാശയുടെയും സ്വപ്‌നങ്ങളുടെയും വെളിച്ചമാണ് നമുക്ക് പകര്‍ന്നു തരുന്നത്. പുതിയൊരാണ്ടിന്റെ പിറവിയില്‍ ഐശ്വര്യമേകാന്‍ കണിയായി ഒരുക്കുന്നതാകട്ടെ പ്രകൃതിയിലെ വിഭവങ്ങളും. കേരളക്കരയുടെ സമ്പല്‍ സമൃദ്ധമായ പ്രകൃതിയുടെ ഒരു കൊച്ചു രൂപം തന്നെയാണ് മലയാളി ഗൃഹങ്ങളില്‍ വിഷുദിനത്തില്‍ ഒരുക്കുന്ന വിഷുക്കണി.

ഓരോ വിഷുവും നമ്മെ ഓര്‍മ്മിപ്പിക്കുന്നത് പ്രകൃതിയോടുള്ള കടപ്പാടിനെക്കുറിച്ചാണ്. ആസുരവും ധൂസരവുമായ നമ്മുടെ കാലഘട്ടത്തില്‍ മാഞ്ഞുപോകുന്ന നന്മകളെ വീണ്ടെടുക്കാനും ഇരുളടഞ്ഞ മനസ്സുകളില്‍ ദീപം കൊളുത്താനും വിഷു പ്രേരകമാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. ലോകമെങ്ങുമുള്ള മലയാളി സഹോദരങ്ങള്‍ക്ക് channelrb.com ന്റെ ഹൃദയഭരിതമായ വിഷു ആശംസകള്‍…