എഴുത്തുകാരനും വിമര്‍ശകനുമായിരുന്ന ജോസഫ് പുലിക്കുന്നേല്‍ അന്തരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing എഴുത്തുകാരനും വിമര്‍ശകനുമായിരുന്ന ജോസഫ് പുലിക്കുന്നേല്‍ അന്തരിച്ചു

പാലാ: എഴുത്തുകാരനും വിമര്‍ശകനുമായിരുന്ന ജോസഫ് പുലിക്കുന്നേല്‍ (85) അന്തരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ ഭരണങ്ങാനത്തെ വീട്ടിലായിരുന്നു അന്ത്യം. സംസ്‌ക്കാരം വെള്ളിയാഴ്ച രാവിലെ 11 ന് സ്വന്തം സ്ഥാപനമായ ഓശാനമൗണ്ടില്‍ നടക്കും. കേരളത്തില്‍ കത്തോലിക്കാസഭയിലെ പരിഷ്‌കരണവാദിയും സഭയിലെ പുരോഹിതനേതൃത്വത്തിന്റെ തീവ്രവിമര്‍ശകനുമായിരുന്നു. കത്തോലിക്കാ സഭയിലെ നവീകരണത്തെ ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനു മുമ്പ്, അദ്ധ്യാപനവും രാഷ്ട്രീയവും അദ്ദേഹത്തിന്റെ പ്രവര്‍ത്തനമേഖലകളായിരുന്നു. കോഴിക്കോട് ദേവഗിരി കോളജില്‍ അദ്ധ്യാപകനായിരുന്നു. കേരള യൂണിവേഴ്സിറ്റി സെനറ്റ് മെമ്പറായും കെ.പി.സി.സി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരളാ സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റിയില്‍ (കെ.പി.സി.സി.) അംഗമായിരുന്നിട്ടുള്ള പുലിക്കുന്നേല്‍, കോണ്‍ഗ്രസ് കക്ഷിയില്‍ നിന്നു വിഘടിച്ചുപോയവര്‍ ചേര്‍ന്ന് 1964-ല്‍ രൂപം കൊടുത്ത കേരളാ കോണ്‍ഗ്രസ്സിന്റെ സ്ഥാപകനേതാക്കളില്‍ ഒരാള്‍ കൂടിയായിരുന്നു.1932 ഏപ്രില്‍ 14ന് ജനിച്ച ജോസഫ് സാമ്പത്തിക ശാസ്ത്രത്തില്‍ ബി.എ ഓണേഴ്‌സ് ബിരുദം നേടിയിരുന്നു. 1956 മുതല്‍ ദേവഗിരി സെന്റ് ജോസഫ് കോളജില്‍ ലക്ചററായി സേവനമനുഷ്ഠിച്ചിരുന്നു. 1967 ല്‍ ജോലി ഉപേക്ഷിച്ചു. 1969-76 കാലഘട്ടത്തില്‍ കേരള യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പറായി. 1975 ല്‍ ഗുഡ്‌സമരിറ്റന്‍ പ്രൊജക്ട് ഇന്ത്യ ആരംഭിക്കുകയും പിന്നീട് ഓശാന മാസിക ആരംഭിക്കുകയും ചെയ്തിരുന്നു. 1983ല്‍ മലയാളഭാഷയില്‍ ഒരു സമ്പൂര്‍ണ്ണ ‘എക്യൂമെനിക്കല്‍’ ബൈബിളിന്റെ പ്രസിദ്ധീകരണത്തിന് ഇദ്ദേഹം മുന്‍കൈയ്യെടുത്തു. ആ സംരംഭത്തിന്റെ ഓര്‍ഗനൈസിങ്ങ് എഡിറ്ററായിരുന്നു. 1982 ല്‍ കുടയംപടിയില്‍ കാന്‍സര്‍ രോഗികള്‍ക്കായി സൗജന്യ സാന്ത്വന ശുശ്രൂഷാ കേന്ദ്രം ആരംഭിച്ചു. 1991ല്‍ ഇത് ഇടമറ്റം ഓശാന മൗണ്ടിലേയ്ക്ക് മാറ്റി സ്ഥാപിച്ചു. ഭാര്യ: പരേതയായ കൊച്ചുറാണി. മക്കള്‍: റസീമ ജോര്‍ജ്, റീനിമ അശക്, പരേതയായ രാഗിമ ജോസഫ്, രാജു ജോസഫ്, രതീമ രവി. മരുമക്കള്‍: ജോര്‍ജ് മാത്യു വാഴേപ്പറമ്പില്‍, അശോക് എം. ചെറിയാന്‍, കെ.സി.ജോസഫ് കിഴക്കയില്‍ പാലാ, ഷിജി വാലേത്ത് കോലഞ്ചേരി, രവി ഡീസി കിഴക്കേമുറിയില്‍, ഡി.സി ബുക്‌സ് കോട്ടയം.

0Shares