
കാസർകോട്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് വിവിധ പദ്ധതികളിലായി ഇതുവരെ 220,72,32,964 രൂപ ചെലവഴിച്ചതായി എന്‍ഡോസള്‍ഫാന്‍ ജില്ലാതല സെല്‍യോഗത്തില്‍ അധ്യക്ഷത വഹിച്ച റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന് അറിയിച്ചു. സാമ്പത്തിക സഹായത്തിന് 171.10 കോടിരൂപയും, ചികിത്സയ്ക്ക് 15.03 കോടിയും, പെന്ഷന് (2018-19 വരെ) 25.32 കോടിയും, ആശ്വാസ കിരണം (2018-19 വരെ) 1.75 കോടിയും, സ്കോളര്‍ഷിപ്പ് (2018-2019 വരെ) 67.80 ലക്ഷം രൂപയും, വായ്പ എഴുതിത്തള്ളുന്നതിനായി 6.82 കോടി രൂപയുമാണ് ചെലവഴിച്ചത്.
ഡയാലിസിസിന് വിധേയരാവുന്ന രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനാല്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് കൂടി പ്രയോജനപ്പെടുത്തുന്നതിനായി ജില്ലയിലെ ഏഴ് ആരോഗ്യകേന്ദ്രങ്ങളില്‍ ഡയാലിസിസ് യൂണിറ്റുകള്‍ ആരംഭിക്കും. പെരിയ, ബദിയടുക്ക, മഞ്ചേശ്വരം, വെള്ളരിക്കുണ്ട് എന്നിവടങ്ങളിലെ ആരോഗ്യകേന്ദ്രങ്ങളില്‍ ഡയാലിസിസ് യൂണിറ്റിനാവശ്യമായ 1000 ചതുരശ്ര അടി സ്ഥലസൗകര്യം ലഭ്യമായതിനാല്‍ നടപടിക്രമങ്ങള്‍ ത്വരിതഗതിയില്‍ പുരോഗമിക്കുന്നുണ്ട്.

സ്ഥല സൗകര്യമില്ലാത്ത ചെറുവത്തൂര്‍, മുളിയാര്‍, കുമ്പള എന്നിവടങ്ങളിലെ ആരോഗ്യകേന്ദ്രങ്ങളില്‍ കാസര്‍കോട് വികസന പാക്കേജില്‍ നിന്നും സാമ്പത്തിക സഹായം നല്കി 1000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടം നിര്‍മിക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ലിമിറ്റഡിന്റെ സഹായത്തോടെയാണ് ഡയാലിസിസ് കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്.
പ്രത്യേക മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്ത ആറു പേരെ പ്രത്യേക ഉത്തരവ് വഴി ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി യോഗത്തെ അറിയിച്ചു. എന്‍ഡോസള്‍ഫാന്‍ സെല്ലില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിതരായ മൂന്ന് പേരുടെ സേവനം ദീര്‍ഘിപ്പിക്കുന്നതിനായി യോഗം തീരുമാനിച്ചു. ദുരിതബാധിതരുടെ 50,000 രൂപമുതല്‍ 3 ലക്ഷം വരെയുള്ള കടബാധ്യതകള്‍ എഴുതി തള്ളുന്നതിനായി 6,82,70,833 രൂപ വിവിധ ബാങ്കുകളിലേക്ക് ഒടുക്കിയിട്ടുണ്ട്. 1720 വ്യക്തികളുടെ 2153 ലോണുകളാണ് ഇങ്ങനെ എഴുതിത്തള്ളിയത്. പട്ടികയിലുള്‍പ്പെട്ട 14കാരിയായ കുട്ടിക്ക് 2,88,750 രൂപ ചെലവഴിച്ച് ന്യൂ ബിടിഇ സ്പീച്ച് പ്രൊസസര്‍ വാങ്ങി നല്‍കാനും യോഗം തീരുമാനിച്ചു.
ഉക്കിനടുക്കയില്‍ നിര്‍മാണം പുരോഗമിക്കുന്ന കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ മാര്‍ച്ചിനകം ഒ.പി വിഭാഗം പ്രവര്‍ത്തനമാരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു അിറയിച്ചു. മെഡിക്കല്‍ കോളേജിലേക്ക് ജലലഭ്യത ഉറപ്പു വരുത്തുന്നതിനായി കാസര്‍കോട് വികസന പാക്കേജില്‍ നിന്നും 8 കോടി അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു വരുന്നുണ്ട്.

നബാര്‍ഡ്-ആര്.ഐ.ഡി.എഫ് അധിഷ്ഠിത എന്‍ഡോസള്‍ഫാന്‍ പദ്ധതികള്‍ക്കായി 2013 മുതല്‍ 2018 വരെ 91.84 കോടി രൂപയാണ് ചെലവഴിച്ചത്. ഇതുമായി ബന്ധപ്പെട്ട് ജില്ലയില്‍ സാമൂഹിക സേവന മേഖലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി 232 പദ്ധതികള്‍ക്കാണ് ഭരണാനുമതി നല്‍കിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ 184 പദ്ധതികളും ജല അതോറിറ്റിയുടെ കീഴില്‍ 48 പദ്ധതികളുമാണ് നടപ്പിലാക്കുന്നത്. എന്മകജെ ബഡ്സ് സ്കൂളിന്റെ നിര്‍മാണം സ്ഥലം ദൗര്‍ബല്യം മൂലം നബാര്‍ഡ്-ആര്.ഐ.ഡി.എഫ് പദ്ധതിയില്‍ നിന്നും ഉപേക്ഷിച്ചെങ്കിലും പദ്ധതിയുടെ പ്രാധാന്യം കണക്കിലെടുത്ത് കാസര്‍കോട് വികസന പാക്കേജില്‍ നിന്നും രണ്ട് കോടി അനുവദിച്ചിട്ടുണ്ട്.
കളക്ടറേറ്റ് മിനികോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ എംഎല്‍എമാരായ കെ. കുഞ്ഞിരാമന്, എം. സി കമറുദ്ദീന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. ജി. സി ബഷീര്‍, ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത്ത് ബാബു, എന്‍ഡോസള്‍ഫാന്‍ സെല്‍ ഡെപ്യൂട്ടി കളക്ടര്‍ വി. എം കൃഷ്ണദേവന്, സെല്‍ അംഗങ്ങള്‍ സംബന്ധിച്ചു.
