
കാസര്‍കോട്: പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന ‘പഠനമുറി’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ പരപ്പ ബ്ലോക്കില്‍ 29 പഠനമുറികളുടെ നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തിയായി. 2017-18 വര്‍ഷത്തില്‍ ഒമ്പത് മുറികളും 2018-19 വര്‍ഷത്തില്‍ 20 മുറികളുമാണ് നിര്‍മ്മിച്ച് നല്‍കിയത്. 2019-20 വര്‍ഷത്തില്‍ അനുവദിച്ച 24 പഠന മുറികളുടെ നിര്‍മ്മാണ പ്രവൃത്തി പുരോഗമിക്കുകയാണ്.
ഇതില്‍ നാല് പഠനമുറികള്‍ എസ്. സി വിഭാഗത്തിലെ ദുര്‍ബല വിഭാഗങ്ങളില്‍ ഒന്നായ ചക്ലിയ വിഭാഗത്തിലെ കുട്ടികള്‍ക്കായാണ് ഒരുങ്ങുന്നത്. മുറികള്‍ക്കൊപ്പം ഇവര്‍ക്ക് കമ്പ്യൂട്ടര്‍ കൂടി സൗജന്യമായി ലഭിക്കും. പനത്തടി, കോടോം -ബേളൂര്‍, കിനാനൂര്‍ -കരിന്തളം പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതല്‍ പഠനമുറികള്‍ നിര്‍മ്മിച്ച് നല്‍കിയത്. കുട്ടികളുടെ ക്ലാസ്, കുടുംബത്തിന്‍റെ സാമ്പത്തിക നിലവാരം തുടങ്ങിയവയ്ക്കുകൂടി മുന്‍തൂക്കം നല്‍കിയാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത്. ഇതില്‍ തന്നെ പെണ്‍കുട്ടികള്‍ക്ക് പ്രത്യേക പരിഗണനയുണ്ട്.

സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ പഠിക്കുന്ന പട്ടിക ജാതി വിഭാഗത്തിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി വിഭാവനം ചെയ്ത പദ്ധതിയാണ് ‘പഠനമുറി’ സ്‌കീം. 800 സ്‌ക്വയര്‍ഫീറ്റ് വരെ വലിപ്പമുള്ള വീടുകളോട് ചേര്‍ന്ന് 120 സ്‌ക്വയര്‍ഫീറ്റ് വലിപ്പമുള്ള പഠനമുറി നിര്‍മ്മിച്ചു നല്‍കും. വീടിനോടനുബന്ധിച്ചോ വീടിന് മുകളിലോ ആയി പുതിയൊരു പഠനമുറി നിര്‍മ്മിക്കാം.രണ്ട് ലക്ഷം രൂപയാണ് പഠന മുറിക്കായി അനുവദിക്കുന്നത്.
നിര്‍മ്മാണത്തിന്‍റെ ആദ്യഘട്ടത്തില്‍ തുകയുടെ 15 ശതമാനവും രണ്ടാം ഘട്ടത്തില്‍ തുകയുടെ 30 ശതമാനും മൂന്നാം ഘട്ടത്തില്‍ 40 ശതമാനവും നാലാം ഘട്ടത്തില്‍ ബാക്കിയുള്ള പതിനഞ്ച് ശതമാനവുമാണ് നല്‍കുക. ഇതില്‍ മൂന്ന് ഘട്ടങ്ങളിലും ബന്ധപ്പെട്ട എസ്. സി പ്രമോട്ടര്‍മാരുടെ വിലയിരുത്തല്‍ അനുസരിച്ചാണ് തുക നല്‍കുക. അവസാന ഘട്ടത്തില്‍ ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള വിലയിരുത്തലിന് ശേഷം മാത്രമേ തുക നല്‍കു.
