ഉപാധികളോടുകൂടി ദയാവധം അനുവദിക്കാം; ചരിത്രവിധിയുമായി സുപ്രീംകോടതി

  • Post category:news
  • Reading time:1 min read
You are currently viewing ഉപാധികളോടുകൂടി ദയാവധം അനുവദിക്കാം; ചരിത്രവിധിയുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: അന്തസായി ജീവിക്കാനുള്ള അവകാശം പോലെ തന്നെ മരിക്കാനുള്ള അവകാശവും പൗരനുണ്ടെന്ന്​ നീരീക്ഷിച്ചുകൊണ്ട് മരണതാല്‍പര്യപത്രമനുസരിച്ച് ഉപാധികളോടുകൂടി ദയാവധം അനുവദിക്കാമെന്ന് സുപ്രീം കോടതി വിധി. മരണതാല്പര്യം നിയമവിധേയമാക്കണം എന്ന് ആവശ്യപ്പെട്ട്‌ പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ നേതൃത്വം നല്‍കുന്ന കോമണ്‍ കോസ് എന്ന സര്‍ക്കാറേതര സന്നദ്ധ സംഘടന നല്‍കിയ ഹര്‍ജിയിലാണ്​ ചീഫ്​ ജസ്​റ്റിസ്​ ദീപക്​ മിശ്രയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച്​ വിധി പറഞ്ഞത്​.

ഏതെല്ലാം സാഹചര്യങ്ങളില്‍ ഒരു വ്യക്തിക്ക് ദയാവധം അനുവദിക്കാമെന്നതിന് കോടതി മാര്‍ഗരേഖയും തയ്യാറാക്കിയിട്ടുണ്ട്. മെഡിക്കല്‍ ബോര്‍ഡിന്റേയും ഹൈക്കോടതിയുടേയും അനുമതി ഇതിന് ആവശ്യമാണെന്ന് ഉത്തരവില്‍ പറയുന്നു. ഒരു രോഗിക്ക് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ ആകില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് സാക്ഷ്യപ്പെടുത്തിയാല്‍ മാത്രമേ ദയാവധം അനുവദിക്കാവൂ എന്ന് കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം അവസ്ഥയുണ്ടായാല്‍ ദയാവധം അനുവദിക്കണം എന്ന് കാട്ടി ഒരാള്‍ക്ക് മുന്‍കൂട്ടി മരണപത്രം എഴുതിവക്കാമെന്നും ഇത്തരം മരണപത്രമനുസരിച്ച് ജീവന്‍ രക്ഷാ ഉപാധികള്‍ പിന്‍വലിച്ചുകൊണ്ട് ദയാവധം അനുവദിക്കാന്‍ ഹൈക്കോടതിക്ക് ഉത്തരവിടാം.

0Shares