കാസര്‍കോട്: ഇരുട്ടിനെ ‘ബൗണ്ടറി’യിലേക്ക് കടത്തിവെട്ടിയ മുനാസ് ഇന്ത്യന്‍ ടീമില്‍. ശ്രീലങ്കന്‍ പര്യടനത്തിനുള്ള കാഴ്ച പരിമിതരുടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കാണ് കാസര്‍കോട് ഉപ്പള പൈവളികെ സ്വദേശി മുനാസ് തിരഞ്ഞെടുക്കപ്പെട്ടത്.
ഇല്ലായ്മകളോട് പൊരുതിയാണ് നേട്ടം കൈവരിച്ചത്. പകുതി കാഴ്ചയോടുകൂടി പിറന്നു വീണ മുനാസ് വെറുതെ ഇരിക്കാന്‍ മുനാസ് തയാറായില്ല. നാട്ടിലെ എല്ലാ ക്രിക്കറ്റ് ടൂര്‍ണമന്റുകളും പോയി കാണും. കളിക്കളത്തില്‍ കാലുകുത്തിയാല്‍ കാഴ്ചയില്ലെന്നുള്ള കാര്യം മുനാസ് മറന്നാണ് മുന്നേറുക. ടൂര്‍ണമന്റുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതോടെ പടവുകള്‍ ഓരോന്നും മുനാസ് കുതിച്ചുകയറി. പ്രതിസന്ധികളെ മറികടന്ന് ആദ്യം ജില്ല നായകനും പിന്നാലെ കേരള ടീമിന്റ ഉപനായകനുമായി.
ഇന്ത്യന്‍ ടീമിലെ ഏക മലയാളിയായാണ് ഇന്ന് അറിയപ്പെടുന്നത്. കോഴിക്കോട് ഫറൂഖ് കോളജിലെ ബി.എ സോഷ്യോളജി അവസാന വര്‍ഷ വിദ്യാര്‍ഥിയാണ് മുനാസ്. ഒന്നു മുതല്‍ ഏഴാം ക്ലാസ് വരെ വിദ്യാനഗറിലെ ബ്ലൈന്‍ഡ് സ്‌കൂളിലാണ് പഠിച്ചത്. എട്ട് മുതല്‍ പ്ലസ് ടു വരെ കോഴിക്കോട് കൊളത്തറ ബ്ലൈന്‍ഡ് സ്‌കൂളിലും. കാസര്‍കോട്ടെ അന്ധരുടെ ക്രിക്കറ്റ് കൂട്ടായ്മയായ നോര്‍ത്ത് മലബാര്‍ ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ സൈറ്റ് ലെസ് എന്ന സംഘടനയിലെ പ്രവര്‍ത്തകരാണ് മുനാസിന്റെ ഈ വളര്‍ച്ചക്ക് പിന്നില്‍. ഇന്ത്യന്‍ ടീമിലെടുത്തതോടെ നാടിന്റെ നാനാ ദിക്കില്‍ നിന്നും അഭിനന്ദനപ്രവാഹമാണ് കാണുന്നത്.
ഇരുട്ടിനെ തോല്‍പിച്ച മുനാസ് ഇന്ത്യന്‍ ടീമില്‍; ഇല്ലായ്മകളോട് പൊരുതി നേട്ടം കൈവരിച്ച ഏക മലയാളിക്ക് അഭിനന്ദനപ്രവാഹം